തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ട് എസ്ഐടി ഡിജിപിക്ക് കൈമാറി. മര്‍ദ്ദനം ചട്ടവിരുദ്ധമെന്നും ഗണ്മാന്മാര് ഇടപെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഗൺമാൻമാരുടെ നടപടിയെ വെറുമൊരു പ്രതിരോധമായി കാണാൻ കഴിയില്ല. അത് കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സാക്ഷികളും ഇരകളുമടക്കം ഇരുപതു പേരുടെ മൊഴി രേഖപ്പെടുത്തി. ഇനി ചോദ്യം ചെയ്യാനുള്ളത് പ്രതികളായ അഞ്ച് പേരെയാണ്. അതേസമയം പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഇതിനുശേഷം എസ്ഐടി നോട്ടീസ് നല്കി വിളിപ്പിക്കും.
വിഐപി സുരക്ഷയിലും ഇവർ വീഴ്ച വരുത്തിയാതായാണ് കണ്ടെത്തല്‍. സുരക്ഷാസംഘം സദാസമയം വിഐപികള്‍ക്ക് ഒപ്പമുണ്ടാകണമെന്ന ചട്ടം പ്രതിഷേധക്കാരെ മര്‍ദിക്കാന്‍ പോയ സമയത്ത് ലംഘിക്കപ്പെട്ടെന്നും എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags : nava kerala sadas assault case sit submit report