സുഹൈൽ സജീവിനെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിനെ നേരെ കൈയേറ്റ ശ്രമം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഒരു സംഘം യുവാക്കൾ ഇയാളെ മർദിച്ചത്. പിന്നാലെ പൊലിസ് സുഹൈലിനെ സ്ഥലത്തുനിന്ന് മാറ്റി.
സുഹൈലിന്റെ ശരീരത്തിൽ അമിതമായ അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുമ്പ് ഇന്നലെ ഉച്ചമുതൽ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി ഇയാൾ മദ്യപിച്ചതിന്റെ വിവരങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങൾ സുഹൈൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായാണ് സുഹൈൽ സജീവ് നെടുമ്പാശേരിയിലെത്തിയത്. അപകടമുണ്ടാക്കിയശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ നാട്ടുകാരോടും തട്ടിക്കയറിയതായി പറയുന്നു.
സുഹൈൽ ഓടിച്ച വാഹനം ഇടിച്ച് മരിച്ച വയനാട് മടക്കിമല സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), മംഗളൂരു സ്വദേശി ഇജാസ് (21) എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്കാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Tags : Nedumbassery Accident Suhail Sajeev Attempt to Assault Accused Mini Cooper Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash