പരവൂർ: വിമാന യാത്രകളിൽ സ്ഥിരം യാത്രക്കാർക്ക് ലഭിക്കുന്ന "മൈലേജ് പോയിന്റുകൾ' ഇനി ട്രെയിൻ യാത്രക്കാർക്കും ലഭ്യമാകുന്നു. ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി സൗത്ത് സെൻട്രൽ റെയിൽവേ "റെയിൽ മൈൽസ്' എന്ന പേരിൽ ദേശീയ ലോയൽറ്റി പ്രോഗ്രാം പരീക്ഷണാർഥം ആരംഭിക്കുന്നു.
ഹൈദരാബാദ് ഡിവിഷനിൽ നിന്ന് തുടക്കമിടുന്ന ഈ പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വിവിധ ആനുകൂല്യങ്ങളും പ്രതിഫലങ്ങളും നേടാനാകും. പദ്ധതി വിജയകരമായാൽ രാജ്യത്തെ എല്ലാ ഡിവിഷനിലും നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
എന്താണ് "ഗ്രീൻ മൈലുകൾ'?
യാത്ര ചെയ്യുന്ന ദൂരം, ഏത് ക്ലാസിലാണ് യാത്ര ചെയ്യുന്നത്, വൈദ്യുതീകരിച്ച റെയിൽ പാതകളിലൂടെയുള്ള യാത്ര തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യാത്രക്കാർക്ക് പോയിന്റുകൾ അഥവാ "ഗ്രീൻ മൈലുകൾ' നൽകുന്നത്. ചരക്ക് ഗതാഗതവും പാഴ്സൽ സർവീസുകളും ഉപയോഗിക്കുന്നവർക്കും ലോഡുകളുടെയും ദൂരത്തിന്റെയും (ടൺ-കിലോമീറ്റർ) അടിസ്ഥാനത്തിൽ മൈലുകൾ ലഭിക്കും.
ആനുകൂല്യങ്ങൾ ഇങ്ങനെ:
* ശേഖരിക്കുന്ന ഗ്രീൻ മൈലുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് താഴെ പറയുന്ന സൗകര്യങ്ങൾ റിഡീം ചെയ്യാം.
* ക്ലാസ് അപ്ഗ്രേഡ്: സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന ക്ലാസുകളിലേക്ക് മാറാം.
* ലോഞ്ച് ആക്സസ്: റെയിൽവേ സ്റ്റേഷനുകളിലെ പ്രീമിയം വെയിറ്റിംഗ് ഹാളുകളിലും ലോഞ്ചുകളിലും പ്രവേശനം.
* താമസം: റിട്ടയറിംഗ് റൂമുകൾ, പങ്കാളി ഹോട്ടലുകൾ എന്നിവിടങ്ങളിൽ ബുക്കിംഗ്.
* മറ്റ് ഓഫറുകൾ: ഇ-കൊമേഴ്സ് സൈറ്റുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും റെയിൽ മൈൽസ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടാം.
* ടയർ ഘടന: യാത്രക്കാരുടെ ഉപയോഗം കണക്കിലെടുത്ത് വെള്ളി , സ്വർണ്ണം, പ്ലാറ്റിനം എന്നിങ്ങനെ വിവിധ തലങ്ങളായി തരംതിരിക്കും.
ലക്ഷ്യം ഹരിത യാത്ര
റോഡ്, വ്യോമ ഗതാഗതത്തേക്കാൾ മലിനീകരണം കുറഞ്ഞ റെയിൽവേയെ കൂടുതൽ ജനപ്രിയമാക്കുകയാണ് റെയിൽ മൈൽസ് ലക്ഷ്യമിടുന്നത്. ഇതിനായി ഐടി സ്ഥാപനങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും റെയിൽവേ താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ഇടപാടുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക ഡിജിറ്റൽ സംവിധാനമാണ് ഇതിനായി ഒരുങ്ങുന്നത്. യാത്രക്കാരുടെ താത്പര്യങ്ങൾ കൃത്യമായി മനസിലാക്കാനും മികച്ച സേവനങ്ങൾ ഭാവിയിൽ ലഭ്യമാക്കാനും ഈ പ്ലാറ്റ്ഫോം റെയിൽവേയെ സഹായിക്കും.
Tags : indian railway train passengers new scheme