തിരുവനന്തപുരം: ആഘോഷങ്ങളോടെയും ആരവങ്ങളോടെയും പുതുവർഷത്തെ വരവേറ്റ് നാടും നഗരവും. ലോകത്താകമാനമുള്ള ജനങ്ങൾ സംഗീത നൃത്ത പരിപാടികളുടെ അകമ്പടികളോടെയാണ് 2026നെ വരവേറ്റിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ഇത്തവണയും പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ആയിരുന്നു കിരിബത്തിയിൽ പുതുവർഷം പുലർന്നത്. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.
തിരുവനന്തപുരത്ത് നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ മുതൽ കോവളത്തും വർക്കല ബീച്ചിലുമായി വൈവിധ്യമാർന്ന പരിപാടികളോടെ പുതുവർഷാഘോഷങ്ങൾ നടന്നു. ഇത്തവണ തലസ്ഥാനത്ത് കൊച്ചിയിലെ കാർണിവൽ മാതൃകയിൽ 10 കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിച്ചതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
തിരുവനന്തപുരത്തിന് പുറമേ ഫോർട്ട്കൊച്ചിയിൽ രണ്ടിടങ്ങളിലും കാക്കനാടും വിവിധ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലും സംഗീത നൃത്ത പരിപാടികളോടെ പുതുവത്സരാഘോഷങ്ങൾ അരങ്ങേറി.
Tags : New Year New Year's Eve kochi trivandrum