കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഇന്ന് സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ ഇറക്കാതെയും കടകമ്പോളങ്ങൾ അടച്ചും എല്ലാവരും ഹർത്താലിനോട് സഹകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്ട് നടപ്പിലാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യുക, ജുഡീഷൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
ജസ്റ്റീസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും കേരളത്തിലെ പൗരസമൂഹവുമുൾപ്പെടെ അറുപതോളം സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊച്ചി: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് അറിയിച്ചു.
ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവുപോലെ ഇന്നും കടകള്‍ തുറക്കുമെന്നും പി.സി. ജേക്കബ് പറഞ്ഞു.