തിരുവനന്തപുരം: തലമുറകളെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്ന ഓപ്പറേഷൻ തൂഫാൻ; ദ് നാർക്കോ ഹണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
യുഡിഎഫ് സർക്കാരിന്റെ ആദ്യ വലിയ പദ്ധതിയായ ഓപറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകൾക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കുക എന്നിവയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനം പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ലഹരി മാഫിയകൾക്കു നിയമത്തിന്റെ കർക്കശമുന്നറിയിപ്പ് നൽകുന്നതിനൊപ്പം, സാധാരണക്കാർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും.
ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തും. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടം ജനകീയ മുന്നേറ്റമാക്കി മാറ്റും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ആവശ്യമായ നടപടി ഓപറേഷൻ തൂഫാനിലൂടെ സ്വീകരിക്കും.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവർത്തിക്കും.
കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികളിലെയും ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് തിരുവനന്തപുരം കോട്ടണ്ഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.