പാലക്കാട്: മദ്യപാന സദസില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥയാണ് സിപിഎമ്മിലുള്ളതെന്നും നടക്കുന്നത് വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും മുൻ എംഎൽഎ പി.കെ. ശശി. സിപിഎം വിമത കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺവെൻഷൻ കണ്ട് സിപിഎം നേതൃത്വം തെറ്റ് തിരുത്താൻ തയാറാകണമെന്നും തിരുത്തിയാൽ പാർട്ടിക്കൊപ്പം തങ്ങൾ നിൽക്കുമെന്നും പി.കെ. ശശി പറഞ്ഞു. ജില്ലയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ, അര്‍പ്പണബുദ്ധിയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാന്‍ ത്രാണിയുള്ള ഒരു പടയുടെ മുഖം കാണണമെങ്കില്‍ ഈ കണ്‍വെന്‍ഷനിലേക്ക് നോക്കണമെന്നും പി.കെ. ശശി വ്യക്തമാക്കി.
സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. പണപ്പിരിവിന് ഒരു കുറവുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്രയേറെ പണപ്പിരിവ് ഉണ്ടായ കാലമില്ല.
എത്രയോ മഹാന്മാര് ഇരുന്ന കസേരയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേര. ഇ.കെ. ഇമ്പിച്ചി ബാവ, പി.പി. കൃഷ്ണന്, വി. ശിവദാസമേനോന് തുടങ്ങിയ നിരവധി ജനകീയ നേതാക്കന്മാര് ഇരുന്ന കസേരയിലാണ് ഇപ്പോള്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന് ഇരിക്കുന്നത്.
കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ്. അതിനെ ചോദ്യം ചെയ്യേണ്ടതല്ലേ ?. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനോടുള്ള വിരോധം മൂലം പലരും പാര്‍ട്ടി വിരുദ്ധരായി. ഇത്രയേറെ പ്രവര്‍ത്തകരുടെ വിരോധം നേടിയ പാര്‍ട്ടി സെക്രട്ടറി വേറെയില്ല.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാറിന്റെ, ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്.
കള്ളു കച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. കള്ള് വേണമെങ്കിൽ കച്ചവടം ചെയ്തോട്ടെ. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്.
ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നമുണ്ടാക്കും. ഇ.എൻ. സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്.
അഞ്ച് വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ല. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല. ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കോട്ട മൈതാനം മതിയാകില്ലെന്നും പി.കെ. ശശി വിമർശിച്ചു.
Tags : P.k.Shashi cpm rebel convention