തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയന്‍ തലസ്ഥാനത്ത്. ഔദ്യോഗിക വാഹനം ഒഴിവാക്കി എകെജി സെന്‍ററിലെ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. പൈലറ്റ് വാഹനത്തിന്‍റെ മാത്രം അകമ്പടിയോടെയായിരുന്നു യാത്ര.
വി. ശിവന്‍കുട്ടി, വി ജോയ്, എ.എ. റഹീം എന്നിവരും പിണറായി വിജയനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പിണറായിക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ബുധനാഴ്ച പാർട്ടി സെക്രട്ടേറിയറ്റിനു ശേഷം പിണറായി കണ്ണൂരിലേക്ക് മടങ്ങും.
വോട്ടെണ്ണല്‍ ദിവസം പിണറായിയിലെ വീട്ടില്‍ തുടർന്ന അദ്ദേഹം ഇതുവരെ മുന്നണിയുടെ തോല്‍വിയില്‍ പ്രതികരിച്ചിട്ടില്ല. പിന്നീട് എകെജി സെന്‍ററില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.