തിരുവനന്തപുരം: വിഴിഞ്ഞത്ത് വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ തകർക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ഇൻഷാദ് ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം സ്വദേശി സിലുവയ്യനാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റത്. വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിനുകൾ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് തെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പ്രതി മത്സ്യത്തൊഴിലാളികളെ മർദിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആളുകൾ കൂടിയതോടെ ഓടി രക്ഷപ്പെട്ട പ്രതി ബസ് സ്റ്റാൻഡ് ജംഗ്ഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ അടിച്ചു തകർത്തു. ശിലുവയ്യന്റെ ഫോൺ പിടിച്ചുവാങ്ങുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതി കൈയിൽ വെട്ടിയത്. വധശ്രമമുൾപ്പെടെ 14 കേസുകളിൽ പ്രതിയായ ഇൻഷാദ് വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
Tags : arrest youth attacked fisherman vizhinjam