പ്രതീകാത്മക ചിത്രം
ലുധിയാന: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ ആക്രമണത്തിൽ ദന്പതികൾക്ക് പരിക്ക്. വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെയാണ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചത്. പട്യാല നിവാസികളായ അങ്കിത് സബർവാൾ, ഭാര്യ ഷിഫാലി എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിൽ ഷിഫാലിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കൈയിലും മറ്റുഭാഗങ്ങളിലും നായ മാരകമായി കടിച്ചുപരിക്കേൽപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പഞ്ചാബിലെ പട്യാല ഗുമാൻ നഗറിലാണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് ഗുമാൻ നഗറിൽ വാടകയ്ക്കു വീട് നോക്കാനായെത്തിയ ദമ്പതിമാർക്കൊപ്പം ഒരു ബ്രോക്കറും ഉണ്ടായിരുന്നു. വീട്ടിലേക്ക് പ്രവേശിക്കാനായി ബ്രോക്കർ ഗേറ്റ് തുറന്നതോടെ വീട്ടിൽനിന്ന് പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തി യുവതിയെ കടിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനും കടിയേറ്റു. കാലിലും പിൻഭാഗത്തുമാണ് ഇദ്ദേഹത്തിന് കടിയേറ്റത്.
മിനിറ്റുകളോളം നായയുടെ ആക്രമണം നീണ്ടുനിന്നു. ഈ സമയം ബ്രോക്കറും വീട്ടിൽനിന്ന് എത്തിയ വീട്ടുടമയും വടി ഉപയോഗിച്ച് നായയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് കൂടുതൽപേരെത്തി നായയെ അടിച്ച് ഓടിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതിമാരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ആക്രമണ സ്വഭാവമുള്ള നായകളെ വീട്ടിൽ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പ്രതികരിച്ചു.
Tags : Pit bull brutally attacks couple critically injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash