മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലും തർക്കങ്ങളിലും പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജവഹർലാൽ നെഹ്റുവിനെ ഏറ്റവും രൂക്ഷമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. ബി.ആർ. അംബേദ്കറെന്നും, എന്നാൽ നെഹ്റു പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണഘടനാ നിർമാണത്തിന്റെ ചുമതല നെഹ്റു ഏൽപ്പിച്ചതും അംബേദ്കറെ തന്നെയായിരുന്നു. ഇന്നായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമർശനങ്ങളിൽ കാമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് വിമർശകരെ ചേർത്തുപിടിക്കുന്ന സമീപനമാണ് നെഹ്റു സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന കൈയിൽ കരുതാതെ താൻ നിയമസഭയിലേക്ക് പോകാറില്ലെന്നും, അത് മുന്നിലിരിക്കുമ്പോൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആധുനിക കാലത്തെ ഡിജിറ്റൽ നിരീക്ഷണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ളവയിലൂടെ നാം എല്ലാവരും നിരന്തര നിരീക്ഷണത്തിലാണ്. ഒരു മാളിൽ പോയി തിരികെ വന്നാൽ ഉടൻ തന്നെ ഇന്നയിന്ന സാധനങ്ങൾ വാങ്ങൂ എന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് എത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യം (ഫ്രീഡം ഓഫ് എക്സ്പ്രഷൻ) എന്നത് മാറി ചിന്താസ്വാതന്ത്ര്യം (ഫ്രീഡം ഓഫ് തിങ്കിംഗ്) എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സ്വന്തം ഫോൺ പോലും നിരീക്ഷണത്തിലായതിനാൽ താൻ ഇടയ്ക്കൊക്കെ കാര്യങ്ങൾ തെറ്റിച്ചാണ് പറയാറുള്ളതെന്നും അദ്ദേഹം നർമം കലർത്തി കൂട്ടിച്ചേർത്തു.
Tags : VDSatheesan B R Ambedkar Nehru chief minister