വി.ഡി. സതീശൻ
'ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്'... ബുധനാഴ്ച പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ ഈ പ്രയോഗം കേട്ട് ചിലരെങ്കിലും ഒന്ന് ആശ്ചര്യപ്പെട്ടേക്കാം. എന്താണ് അതിന്റെ പിന്നിലെന്ന് ഓർത്തിട്ടുണ്ടാകാം.
ഒരു വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും മറുപടി പറയാൻ കഴിയാതെ വരുമ്പോൾ പലരും ഉപയോഗിക്കുന്ന പ്രയോഗമാണ് മാവിലായിക്കാരൻ.
കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയ പോരിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഈ മറുപടി പറഞ്ഞത്. ഷാഫി പറമ്പിലിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നടത്തിയ അധിക്ഷേപം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ "ഞാൻ മാവിലായിക്കാരനാണ്' എന്ന് ആദ്യം പറഞ്ഞതിന് ശേഷം സമാന ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ, 'ഞാൻ പറഞ്ഞില്ലേ.. ഞാൻ മാവിലായിക്കാരനാണെന്ന്' എന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
എന്നാൽ ഈ പദപ്രയോഗം കാലങ്ങളായി ഉപയോഗിക്കുന്നൊരു വാക്കാണ്. കണ്ണൂര്‍ പെരളശേരിക്കടുത്താണ് മാവിലായി പ്രദേശം. യഥാര്‍ത്ഥത്തില്‍ ഈ പ്രയോഗത്തിന് മാവിലായിയുമായി ബന്ധമില്ലെന്നതാണ് സത്യം.
ഈ പ്രയോഗത്തിനു പിന്നില്‍ മലയാള സാഹിത്യത്തിലെ ഹാസ്യസാമ്രാട്ട് സഞ്ജയന് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ എം.ആര്. നായര്‍ അഥവാ മാണിക്കോത്ത് രാമുണ്ണി നായരാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനമാണ് ഞാന്‍ മാവിലായിക്കാരന്.
ഈ കഥ പിറവിയെടുത്തത് ഇങ്ങനെ...
നിങ്ങള്‍ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആറ്റുപുറം വയലില്‍ക്കൂടി രണ്ടു കള്ളുകുടിയന്മാര് പോവുകയായിരുന്നു. പൂര്ണചന്ദ്രന് ഉദിച്ചുയര്‍ന്നിരിക്കുന്നു. എന്നാല്‍ ലോകത്തില്‍ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും അത് സാക്ഷാല്‍ സൂര്യഭഗവാന് സൂര്യഭഗവാന് തന്നെ എന്നു പറഞ്ഞ് ഒരു കുടിയന് ചന്ദ്രനെ നോക്കി വളരെ ഭക്തിയോടു കൂടി ഒന്നു കണ്ണടച്ചു തൊഴുതു.
തനിക്ക് തലയ്ക്ക് പിടിച്ചിരിക്കുന്നു; അതു ചന്ദ്രനാണെടോ, എന്ന് മറ്റേക്കുടിയന്‍ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി. കത്തി വലിക്കേണ്ടുന്ന ഘട്ടമായി.
അപ്പോഴാണ് പട്ടണത്തില്‍നിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കന് അവിടെയെത്തിയത്. കുടിയന്മാര് രണ്ടു പേരും അയാളെ കടന്നു പിടിച്ചു. 'പറയെടാ, ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ' എന്നൊരാള്‍, 'നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?' എന്നു മറ്റേയാള്‍.
എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴില്‍നിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രം പോലെ കിടക്കുന്നു. നമ്മുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടറും കൂടി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കില് ദീര്ഘകായന്മാര്.
വഴിപോക്കന് പെട്ടെന്ന് ഒരു യുക്തി തോന്നി. 'അയ്യോ കൂട്ടരേ, ഞാനെങ്ങനെയാണ് ഇതെല്ലാം അറിയുക? ഞാന്‍ ഇന്നാട്ടുകാരനല്ല; മാവിലായിക്കാരനാണ്' എന്നാണയാള്‍ പറഞ്ഞത്. 'എന്നാല്‍ പോ കഴുതേ' എന്നും പറഞ്ഞ് കുടിയന്മാര് അയാളെ വിട്ടു. അതു പോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാല്, ഞാന്‍ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി..
ഇപ്പോഴിതാ മുഖ്യമന്ത്രി വി.ഡി. സതീശനിലൂടെ വീണ്ടും മാവിലായി ചര്‍ച്ചയായി കഴിഞ്ഞു. എകെജിയാണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് തുടങ്ങിയതെന്നും പറയപ്പെടുന്നു. പിന്നീട് കെ. കരുണാകരന്റെ ഇഷ്ടപ്പെട്ട വാക്കുകളിലൊന്നായിരുന്നു ഇതെന്നും പറയുന്നു.
എന്നാൽ മാവിലായി പ്രയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രയോഗം അസ്ഥാനത്തായിപ്പോയി. 2015 ൽ മന്ത്രിയായിരിക്കെ ദേശീയ ഗെയിംസ് ക്രമക്കേട് ആരോപണങ്ങളെപ്പറ്റി ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പരാമർശം മന്ത്രിക്ക് പിടിച്ചില്ല. മന്ത്രിയാകാട്ടെ 'മാവിലായിക്കാരനെ പോലെ സംസാരിക്കരുതെന്ന്' മറുപടി നൽകി. പക്ഷേ ഈ പ്രയോഗം മാവിലായിക്കാർക്ക് പിടിച്ചില്ല. അവർ തെരുവിലിറങ്ങി മന്ത്രിയുടെ കോലം കത്തിച്ചു.
വസ്തുതകളിൽ നിന്ന് ഒളിച്ചോടുന്നവരെയല്ല 'മാവിലായിക്കാരൻ' പ്രയോഗം കൊണ്ട് അർഥമാക്കുന്നത്. മറിച്ച് വിഡ്ഢികളുടെ തർക്കത്തിൽ ഇടപെടാത്ത വിവേകിയെന്നാണ് ഈ പ്രയോഗത്തിന്റെ അർഥമെന്നും പറയുന്നു.
Tags : VD sathesan Chief Minister story politics mavilayikkaran