National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്. ഇസ്കോണിന്റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക.
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച 'ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്' എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.
സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പോഷകാഹാര പദ്ധതിയിൽ ഇത്തരം ഭക്ഷണരീതികൾ അടിച്ചേൽപ്പിക്കുന്നത് ഉചിതമാണോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ചോദിച്ചു. കുട്ടികളുടെ ആരോഗ്യ ആവശ്യങ്ങളല്ല, മറിച്ച് പ്രത്യേക ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം കനത്തതോടെ, സ്കൂളുകളിൽ പ്രധാന ഭക്ഷണം ഇസ്കോൺ പോലുള്ള ഏജൻസികൾ തയ്യാറാക്കുമ്പോൾ തന്നെ മുട്ട വിതരണത്തിനായി പ്രത്യേക ഫണ്ട് നൽകുന്ന ഒഡീഷാ മാതൃക പശ്ചിമ ബംഗാളും പിന്തുടരാൻ ആലോചിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ സർക്കാർ ബദൽ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ ചർച്ചയാകുമെന്നുറപ്പാണ്.
National
കോൽക്കത്ത: ക്ഷേമപദ്ധതികളുടെ വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുൻപ് നിലവിലുണ്ടായിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായി സുവേന്ദു അധികാരി സർക്കാർ 'അന്നപൂർണ്ണ യോജന' എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സുവേന്ദു സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവുമാണ് അന്നപൂർണ പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്നാൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകർ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. മൂന്നോ അതിലധികമോ വിവാഹം കഴിച്ച വ്യക്തികളെ ക്ഷേമപദ്ധതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്ക് സഹായം നിഷേധിക്കപ്പെടും. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് സംസ്ഥാന സഹായങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകർ തങ്ങളുടെ പൗരത്വ രേഖകൾ, റേഷൻ കാർഡ്, സ്വത്തുവകകൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിലെ സർക്കാർ ജോലി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷത്തോളം അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം.
അധികാരമേറ്റതിന് പിന്നാലെ ക്ഷേമമേഖലയിൽ വലിയ അഴിച്ചുപണികളാണ് സുവേന്ദു അധികാരി സർക്കാർ നടത്തിയത്. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുകയും, ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ സംസ്ഥാനവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, മദ്യശാലകൾക്ക് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുസുരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരികയും ചെയ്തത് സുവേന്ദു സർക്കാരിന്റെ ശ്രദ്ധേയമായ നടപടികളാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും പങ്കെടുത്ത വ്യക്തികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഔദ്യോഗികമായി പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർ സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനയുടെ 164(3) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, മന്ത്രിസഭാ തീരുമാനങ്ങളുടെയും ഔദ്യോഗിക ഫയലുകളുടെയും രഹസ്യാത്മകത സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി. ഒരു നിയമപരമായ ഉത്തരവോ പദവിയോ ഇല്ലാത്ത വ്യക്തികൾക്ക് അതീവ പ്രാധാന്യമുള്ള നയരൂപീകരണ യോഗങ്ങളിലെ വിവരങ്ങളും രേഖകളും ചോർത്തി നൽകിയത് ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പൊതു ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
District News
എടത്വ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി അവഹേളിക്കുകയും കോലം കത്തിക്കുകയും ചെയ്ത ഇടതുപക്ഷസംഘടനകളുടെ നടപടിയില്‍ കുട്ടനാട് കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഇത്തരം കുല്സിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി നേരിടുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കെപിസിസി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ജെ.ടി. റാംസേ, വി.കെ. സേവ്യര്‍, വിശ്വന് വെട്ടത്തില്‍, ആന്റണി കണ്ണംകുളം, വര്‍ഗീസ് കോലത്തുപറമ്പില്‍, ബ്ലസ്റ്റണ്‍ തോമസ്, സൈറിഷ് ജോര്‍ജ്, എന്‍.വി. ഹരിദാസ്, കെ.വി. ചാക്കോ, തങ്കച്ചന് കൂലിപുരയ്ക്കല്‍, ആന്‍സി ബിജോയി എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
തലശേരി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽനിന്നും ഉയർന്ന വികാരം മാനിച്ച് വിഷയം ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂഫാൻ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ ലഹരിക്ക് അനുകൂലമെന്നു തോന്നുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. പുകമറയിൽ പ്രതിസന്ധികളെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിപ്പറയാനും മുഖ്യമന്ത്രി എടുത്ത ആർജവം അഭിനന്ദനാർഹമാണ്. മദ്യത്തിനനുകൂലമായ ഒരു നിലപാടും പൊതുസമൂഹം അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള നീക്കത്തിനെതിരേ സീറോ മലബാർ സഭ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ ആരോപണം.
Kerala
കോട്ടയം: തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവത്കരണ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
സംസ്ഥാന ബജറ്റില്‍ തീരദേശ കരിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിനു പിന്നാലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍, കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയല്ലെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇത് സര്‍ക്കാര്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ല. ഇത്തരത്തിലുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്നോട്ടു പോകണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിൽ നടത്തിയ വൻതോതിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം പുകയുന്നു. വിഷയത്തിൽ കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാക്കി ബിജെപി പ്രതിരോധത്തിലായി.
മുഖ്യമന്ത്രി മോഹൻ യാദവ് മന്ത്രിയായിരുന്ന 2021-2023 കാലഘട്ടത്തിലും, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം 2024-2025 കാലയളവിലും യാദവ് കുടുംബത്തിന്റെ ഭൂമി കൈവശം വെയ്ക്കൽ ഇരട്ടിയായതായി ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2023 ഡിസംബർ മുതൽ രണ്ടു വർഷത്തിനിടെ 45 കോടി രൂപ മുടക്കി 168 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കുറഞ്ഞത് 137 പ്ലോട്ടുകളാണ് ഇവർ സ്വന്തമാക്കിയത്. സർക്കാർ പുതിയ റോഡ് പദ്ധതികളും ഭൂവിനിയോഗ മാറ്റങ്ങളും പ്രഖ്യാപിച്ച മേഖലകളിലാണ് ഈ ഭൂമി ഇടപാടുകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത്. ഉജ്ജയിനിൽ കാർഷിക ഭൂമിയിൽ നിന്നും റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാറ്റിയ ഏതാണ്ട് എല്ലാ മേഖലകളിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂമിയുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരങ്ങളായ നന്ദലാൽ, നാരായൺ യാദവ് എന്നിവരടങ്ങുന്ന അടുത്ത ബന്ധുക്കളാണ് ഈ ഭൂമി നേരിട്ടോ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ വാങ്ങിയത്. മോഹൻ യാദവിനും ഭാര്യ സീമയ്ക്കും യഥാക്രമം 47.3 ശതമാനവും 25.5 ശതമാനവും ഓഹരിയുള്ള 'ശ്രീ സിദ്ധിവിനായക് ദേവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയും വലിയ തോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്.
റിപ്പോർട്ടിലെ ആരോപണങ്ങൾ കേവലം തെറ്റിദ്ധാരണ പരത്തുന്നവയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം രഹസ്യ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് യാദവോ കുടുംബമോ ആനുകൂല്യം നേടി എന്ന അനുമാനം തെറ്റാണെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുടുംബാംഗങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാളും മന്ത്രിമാരും ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി നേതാക്കൾ ആരോപണങ്ങൾ തള്ളിക്കളയുമ്പോഴും, ഔദ്യോഗിക രേഖകൾ അമിത് മാളവ്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചും കൃത്യമായ ഭൂമി വാങ്ങലുകളെക്കുറിച്ചും പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ്.
District News
ഇടുക്കി: സിഎച്ച്ആര്‍ കേസില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ഏലം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയെ കാണുന്നതിനു മുന്നോടിയായി ജില്ലയില്‍നിന്നുള്ള എല്ലാ എംഎല്‍എമാരും പൂഞ്ഞാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചനാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കുകയായിരുന്നു.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമയബന്ധിതമായി ഇവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പുനല്‍കി. സുപ്രീംകോടതിയില്‍ നടക്കുന്ന സിഎച്ച്ആര്‍ കേസില്‍ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ കുത്തകപ്പാട്ട ഭൂമി സംബന്ധിച്ച വിഷയങ്ങളും എംഎല്‍എമാര്‍ ഉന്നയിച്ചു. നിവേദകസംഘം വനംമന്ത്രിയെ കാണുകയും വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
അടിസ്ഥാന രേഖകള്‍ ഇല്ലാതെ സിഎച്ച്ആര്‍ പ്രദേശം വനമാണെന്ന വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വനംമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുപുറമേ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റനി പോത്തന്, ജനറല്‍ സെക്രട്ടറി പി.ആര്. സന്തോഷ്, ഭാരവാഹികളായ ആര്. മണിക്കുട്ടന്, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോര്‍ജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന് മുഖ്യമന്ത്രിക്കു കത്ത് നല്കി.
ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു അര്ജുന്.
Kerala
തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുമെന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്രൊട്ടോകോൾ ഉണ്ടാക്കും. പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ല. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര്.
പിന്നീട് പിൻവലിക്കാൻ വേണ്ടിയാണോ കേന്ദ്രവുമായി പദ്ധതിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്ക് കൊളുത്തിക്കൊടുക്കുകയാണ് ഇടത് സർക്കാർ ചെയ്തതെന്നും സതീശൻ പരിഹസിച്ചു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. പദ്ധതി നടപ്പാക്കേണ്ടതില്ല എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. സമഗ്ര ശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച സാഹചര്യത്തിലാണ് തത്വത്തിൽ ഒപ്പുവെക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
"ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. എട്ട് മാസമായി ഇതിൽ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഉജ്ജയ്നിൽ 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് വിവാദമുയർത്തുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിത്തു പട്വാരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായശേഷം മോഹൻ യാദവും കുടുംബവും വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണു റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബറിനു ശേഷം യാദവിന്റെ കുടുംബം ഉജ്ജയ്നിൽ 45 കോടി രൂപ മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിയെന്നാണു റിപ്പോർട്ട്.
ഇവയിലേറെയും റോഡ് പദ്ധതികളുടെയും മറ്റു വികസന പദ്ധതികളുടെയും സമീപത്താണ്. മധ്യപ്രദേശ് സർക്കാർ ഉജ്ജയ്നിൽ വൻ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഖ്യമന്ത്രിയും കുടുംബവും വാങ്ങിക്കൂട്ടിയ ഭൂമി കോടികൾ വില മതിക്കുന്നതാണ്.
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
മധ്യപ്രദേശിലെ ഭൂമി കുംഭകോണം എന്തുകൊണ്ടാണ് ഇഡിയും സിബിഐയും അന്വേഷിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവർ നേരിട്ടും റിയൽ എസ്റ്റേറ്റ് കന്പനികൾ വഴിയും ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവിന്റെ കുടുംബത്തിനുണ്ടായിരുന്ന 100 ഏക്കർ ഭൂമി എങ്ങനെയാണ് 335 ഏക്കറായി വർധിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി ചോദിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
National
ചിറ്റൂർ: മഴക്കുറവും ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂണും മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലേക്ക് പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള അധികജലം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ്ക്ക് കത്തയച്ചു. എംഎൽഎ സുമേഷ് അച്യുതൻ, പ്രദേശത്തെ ഗുരുതര ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
ചിറ്റൂർ മേഖലയിലെ ജലസംഭരണികളിലും ഭൂഗർഭജല സ്രോതസുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനും ചാലക്കുടി ബേസിനിലേക്കും കേരളത്തിന് അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കരാർപ്രകാരമുള്ള അധിക ജലലഭ്യത നിലവിലുണ്ടെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ ജൂൺ ആദ്യപകുതിയിൽ ലഭിക്കേണ്ട 320 ദശലക്ഷം ഘന അടിയിൽ 173 ദശലക്ഷം ഘന അടി മാത്രമാണ് ലഭിച്ചതെന്നും, ജൂൺ രണ്ടാംപകുതിയിൽ ലഭിക്കേണ്ട 180 ദശലക്ഷം ഘന അടി വെള്ളം ഇനിയും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള അധികജലം ചിറ്റൂർ മേഖലയിലേക്കും ചാലക്കുടി ബേസിനിലേക്കും അനുവദിക്കണമെന്നും, ചിറ്റൂർ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ട പ്രതിദിനം 350 ക്യൂസെക്സ് വെള്ളം അടിയന്തരമായി വിട്ടുനൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: മനുഷ്യത്വം മരിച്ചിട്ടില്ല, നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജി ചേട്ടനു കൈയടിക്കുകയാണ് കേരളക്കരയാകെ. തൃപ്പൂണിത്തുറയില്‍ നഗരമധ്യത്തില്‍ ബസ് അപകടത്തില്‍പ്പെട്ട് വസ്ത്രം കീറിപ്പോയ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നല്കി കരുതലായ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ വീട്ടില്‍ എം.ആര്. ഷാജിക്ക് അഭിനന്ദന പ്രവാഹമാണ്. ഷാജിയെ നേരില്‍ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശനും എത്തും. ആദരിക്കാനായി അദ്ദേഹത്തെ പലരും ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.
സൈക്കിളില്‍ ചായ പാത്രവുമായി എത്തി പതിവു പോലെ ചായ വില്‍ക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന് ഭാഗത്ത് അപകടം നടക്കുന്നത്. ചോറ്റാനിക്കര എരുവേലി സ്വദേശി ഷീജ ജോര്‍ജ് (52) ആണ് അപകടത്തില്‍ പെട്ടത്.
"സ്റ്റാച്യൂ ജംഗ്ഷനടുത്ത് മഹാരാഷ്ട്ര തുണിക്കടയില്‍ ചായ കൊടുത്ത് വരുമ്പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ബസിന്റെ അടിയില്‍ ടൂ വീലര്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. ബസ് ടൂ വീലര്‍ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ബസ് കയറാന്‍ നിന്നവരെല്ലാം കൂടി ബസ് നിര്‍ത്തിച്ചു.
- ഫ്രണ്ട് വീലിന്റെ അടിഭാഗത്തായി സ്ത്രീ കിടക്കുകയാണ്. ബസ് റിവേഴ്സ് എടുപ്പിച്ച ശേഷം ഇവരെ ഉയര്‍ത്താന്‍ ശ്രമിച്ചു. സ്ത്രീയെ പൊക്കിയെടുത്തപ്പോള്‍ കാലെല്ലാം ഉരഞ്ഞ് ചുരിദാറിന്റെ പാന്റ് കീറിയത് കണ്ടപ്പോള്‍ മനസിനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അങ്ങനെയാണ് മുണ്ട് അഴിച്ചു കൊടുത്തത്' - എന്നാണ് ഷാജി പറയുന്നത്.
ഷാജിയുടെ വലിയ മനസിന് ബിഗ് സല്യൂട്ട് നേരുകയാണ് സമൂഹം. സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടതോടെ മുണ്ടില്ലാതെ നിന്ന ഷാജിക്ക് ചായ കൊടുത്ത മഹാരാഷ്ട്ര വസ്ത്രാലയത്തിന്റെ ഉടമയുടെ മകന് എത്തി പുതിയ മുണ്ട് നല്‍കുകയും ചെയ്തു. കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഷാജിയെ വിളിച്ച് അറിയിച്ചത്. നിലവില്‍ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങുകയാണ് ഷാജി.
Kerala
തിരുവനന്തപുരം: ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്ത്തകന്, മൃദുഭാഷി, സഹൃദയന്, ഏത് വിഷയത്തലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാന്‍ പറ്റുന്ന തരത്തില്‍ അനുഭവങ്ങളും ജ്ഞാനവും ഉള്ള വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
കേരളം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍, എന്നും മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ സമീപിച്ച ഒരാള്‍ ഇതൊക്കെയാണ് എന്‍.ആര്.എസ് ബാബു. അതിനെല്ലാമുപരി നിറഞ്ഞ സ്നേഹമായിരുന്നു എന്‍.ആര്.എസ്.
2001-ല്‍ ആദ്യം എംഎല്‍എ ആകുന്നതിന് മുന്‍പേ എന്‍.ആര്.എസ് ബാബുവിനെ കുറിച്ച് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. നിയമസഭാ സമാജികനെന്ന നിലയില്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് എന്‍.ആര്.എസ്. ബാബു എന്ന മാധ്യമ പ്രവര്ത്തകന് അടുത്ത സുഹൃത്തും നല്ലൊരു ഉപദേശകനുമായി.
മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാ നഷ്ടമമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കന്നി ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലെത്തി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും എത്തിച്ചേർന്നിട്ടുണ്ട്.
രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതു മുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിരാ ഗാരന്റിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്നാണു സൂചന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. എന്നാൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്നാണു വിവരം.
കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ സന്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇന്നു വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
District News
കൊടകര: സംസ്ഥാനത്തെ 60,000ല്‍പരം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംഘടനയായ വിമന്‍സ് എംപവറിംഗ് ഫോറം ഭരണസമിതി അംഗങ്ങളുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് വിവിധ പ്രശ്നങ്ങള്സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചു. അങ്കണവാടി പ്രവര്‍ത്തകരുടെയും ഹെല്‍പ്പര്‍മാരുടെയും സേവന, വേതന ചട്ടങ്ങള്‍ ആവിഷ്കരിക്കുക, പെന്ഷന്, ഇപിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹികസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരവാഹികളായ സി.കെ. സാവിത്രി, ജുബൈദ് ബീവി, മുംതാസ് ബീഗം, എം. ഷെറീന, എസ്. ശ്രീദേവി എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്.
അങ്കണവാടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പരിഹാരംകാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചതായി വിമന്‍സ് എംപവറിംഗ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 99 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും. ഇത്തരം കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്താനും ധാരണ ഉണ്ടാക്കാനും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നാലു വകുപ്പ് മന്ത്രിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ധനകാര്യ വകുപ്പിലേക്ക് എല്ലാ വകുപ്പുകളിൽ നിന്നും അനാവശ്യമായി ഒരുപാട് കത്തിടപാടുകൾ ഇപ്പോൾ കിട്ടുന്നുണ്ടെന്നും ഇത് പലപ്പോഴും നിയമക്കുരുക്കുകളും ഭരണ സമരവും സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി ഒരു നോഡൽ ഓഫീസറെ എല്ലാ വകുപ്പുകളും ആയി ചേർന്ന് നിയമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിൽ ഏറിയിട്ട് സർക്കാർ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് അനാവശ്യമായ ആരോപണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പെൻഷൻ പദ്ധതികളിൽ നിന്നും സർക്കാർ പിന്മാറിയേതായ ആക്ഷേപം ഇത്തരത്തിലുള്ളതാണ്. നാരി സുരക്ഷാ പദ്ധതി കഴിഞ്ഞ സർക്കാർ പെട്ടെന്ന് നടപ്പാക്കിയപ്പോൾ ചില അപാകതകൾ വന്നിട്ടുണ്ട്. അത് ഈ സർക്കാർ പരിഹരിക്കും. മാത്രമല്ല ആ പെൻഷൻ പദ്ധതിയുടെ ഉപയോക്താക്കൾ സംബന്ധിച്ച് ആക്ഷേപവും ഉണ്ടായിട്ടുണ്ട്. അതും സർക്കാർ വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.
80 ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ ഇതുവരെ നിയമിച്ചിരിക്കുന്നത്. അതിൽ ഒരാളെക്കുറിച്ച് മാത്രമാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തിൽ രാജിവച്ച ഗവൺമെന്റ് പ്ലീഡർ ശബരിമല ദേവസ്വത്തിനുള്ള പ്രത്യേക പ്ലീഡറായിരുന്നില്ല. ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയും നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡർമാരുടെ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസ് ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് മാധ്യമങ്ങളോട് അല്ല പറയേണ്ടത്. നിയമനം നടത്തുന്ന താൻ ആണെന്നും സംഘടനകൾ അല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ "പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തൃശൂർ: ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും വൈസ് ചാൻസലർമാർ പരിപാടിയിൽ പങ്കെടുക്കുന്നത് ഏതു ചട്ടപ്രകാരമാണു തെറ്റാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു വി. മുരളീധരൻ എംഎൽഎ.
വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കിൽ നിയമനടപടിയെടുക്കണം. മറ്റുള്ളവർ ഇനി പങ്കെടുക്കാതിരിക്കാൻ വിസിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരൻ ആരോപിച്ചു.
രാജ്യത്ത് നിരവധി വൈസ് ചാൻസർമാർ ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ആർഎസ്എസ് പ്രവർത്തകനാണെന്നു മറക്കരുത്. അദ്ദേഹത്തെ കാണുന്നതിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുമോയെന്ന് മുരളീധരൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഇടപെട്ടു. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമമന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സംശയിക്കുന്നു.
സിറ്റി പോലീസ് കണ്ട്രോള് റൂമില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്നും അതിലൂടെ താന്‍ പ്രശസ്തനാകുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. കുടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യം ചൊരിഞ്ഞു.
സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്താതെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി വി.ഡി.സതീശന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
National
ചെന്നൈ: മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നിതി ആയോഗ് യോഗത്തിലാണ് വിജയ് ആവശ്യമറിയിച്ചത്. സംസ്ഥാനത്തിന് കിട്ടാനുള്ള വിദ്യാഭ്യാസ വിഹിതം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജോസഫ് വിജയ് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്നാടിന്റെ രണ്ടാമത്തെ എയിംസ് കോയമ്പത്തൂരിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,284 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം വിജയ് പ്രധാനമന്ത്രിക്കു മുന്നിൽവച്ചു.
2017ൽ കേന്ദ്രം നീറ്റ് നിർബന്ധമാക്കുന്നതു വരെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നൂ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം. തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ നിയമസഭ രണ്ടുതവണ പാസാക്കി അയച്ചെങ്കിലും ഇതുവരെ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
District News
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, പുറ്റ്യാനിക്കാട്, കച്ചേരിപ്പറമ്പ് തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം തകർക്കുന്ന വന്യജീവിശല്യം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
വന്യജീവി ശല്യം കാരണം ഈ മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. ആകെയുള്ള കൃഷി റബറാണ്. വന്യമൃഗശല്യം കാരണം ടാപ്പിംഗിനും കഴിയുന്നില്ല. കാട്ടാനകൾ നാടിറങ്ങാതിരിക്കാൻ അമ്പലപ്പാറ മുതൽ പുതുവപാടം വരെ 13 കിലോമീറ്റർ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പ്രവർത്തനക്ഷമമല്ല. പലയിടത്തായി കമ്പിവേലികൾ കാട്ടാനകൾ തകർത്തിട്ടുണ്ട്.
ഇത് പുനസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. കമ്പിവേലി സ്ഥാപിച്ച ഒരു വർഷത്തോളം ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നതിനു കുറവുണ്ടായിരുന്നു. ഇപ്പോൾ ദിവസവും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. ജനവാസ മേഖലയിലുള്ളവർ ഇതോടെ ഭീതിയിലാണ്. അടുത്തിടെ കരടിയോട് വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതുകൂടി ആയതോടെ നാട്ടുകാരുടെ ഭയം ഇരട്ടിച്ചു. തുടർന്ന് കാട്ടാനകൾ ഇറങ്ങുന്നത് വനപാലകരെ അറിയിച്ചാൽ അവരും എത്തി കാട്ടാനകളെ തുരത്തുന്ന നടപടി സ്വീകരിക്കുന്നില്ലെന്നും നിവേദനത്തിലുണ്ട്.
Kerala
തിരുവനന്തപുരം: കലാകാരന്മാര്ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. നടന് സലീം കുമാര്‍ രോഗബാധിതനായി വെന്റിലേറ്ററില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാകാരന്മാരെ ഇത്തരത്തില്‍ ആക്രമിക്കുന്നത് കേരളത്തിന് യോജിച്ചതല്ല. വര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത വ്യക്തികള്‍ മരിക്കുമ്പോള്‍ വീടുകളില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്കു കാരണം കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനോ, പോലീസിന് ഔദ്യോഗിക ബഹുമതി നല്‍കാനോ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊന്നും നമ്മുടെ നാടിന്റെ സംസ്കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നടൻ സലീംകുമാറിന്റെ സംസ്കാര ചടങ്ങിനിടയിലുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്.
കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നുവെന്നും താന്‍ ആണ് അതിനെതിരെ ആദ്യം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. ഞാന്‍ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. ഔദ്യോഗിക ബഹുമതി നല്കാന് പോലീസിന് കഴിയുന്നില്ല. കുടുംബാംഗങ്ങളെ കര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വല്ലാത്തൊരു സ്ഥിതിയായിരുന്നു. ഞാന്‍ ആയിരുന്നു അതിനോട് ആദ്യം പ്രതികരിച്ചത്.
സലീംകുമാര്‍ രോഗബാധിതനായി കിടക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു അറ്റാക്ക് നടന്നു. ചത്തുകൂടെ എന്നാണ് ചോദിച്ചത്. എന്താണ് ആ മനുഷ്യന് ചെയ്ത തെറ്റ്. മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നു. നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്.
ദേശീയ അവാര്‍ഡ് നേടിയ നടനാണ്, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍. എല്ലാവര്ക്കും രാഷ്ട്രീയമുണ്ട് ഇവിടെ. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാള്‍ സുഖമില്ലാതെ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നടത്തിയൊരു ക്യാംപെയ്ന് ഉണ്ടല്ലോ, നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും.-വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി എന്ന പേരിലാകും സൗജന്യ യാത്ര നടപ്പിലാക്കുക. ആദ്യഘട്ടം എന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
District News
തൊടുപുഴ: ശബരി റെയില്‍ പദ്ധതിക്ക് സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും സ്ഥലവില വേഗത്തില്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശബരി റെയില്‍വേ സ്ഥലമുടകളുടെ അസോസിയേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
പദ്ധതിക്കായി കല്ലിട്ട് തിരിച്ച് 28 വര്‍ഷമായിട്ടും സ്ഥലവില ലഭ്യമാക്കാത്തതും കല്ലിട്ട സ്ഥലത്തിന് ബാങ്ക് വായ്പ ലഭിക്കാത്തതും സ്ഥല വില്പന നടത്താന്‍ കഴിയാത്തതും ഉടമകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി.
ആവശ്യമായ ഫണ്ട് അനുവദിച്ച് എത്രയും വേഗത്തില്‍ ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുമെന്നും സ്ഥലമെടുപ്പിന് തടസങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി സ്ഥലം ഉടമകള്‍ക്ക് ഉറപ്പ് നല്കി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തിനു കാരണം ബാഷ്പീകരണമാണെന്ന വാദവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. "നമ്മളിലേക്ക് വരുന്ന വെള്ളം ഇടയിൽവച്ച് ബാഷ്പീകരിക്കപ്പെടുന്നുവെന്നും അതിനാൽ ജലക്ഷാമം ഉണ്ടാകുന്നുവെന്നു’മായിരുന്നു ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ രേഖ ഗുപ്ത ജലക്ഷാമത്തെപ്പറ്റി നടത്തിയ പരാമർശം. ബിജെപി മുഖ്യമന്ത്രിയുടെ പരാമർശങ്ങളിലെ യുക്തി സമൂഹമാധ്യമങ്ങളിലടക്കം ട്രോൾ മഴയ്ക്കു കാരണമാകുകയാണ്.
ഡൽഹിയിൽ കനത്ത ചൂട് ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളെ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ പരാമർശമടങ്ങുന്ന വീഡിയോ എക്സിൽ പങ്കുവച്ച എഎപി നേതാവ് സൗരഭ് ഭരദ്വാജ്, നീരാവി ദ്രാവകമായി മാറുന്ന പ്രക്രിയയായ സാന്ദ്രീകരണമായിരിക്കണം ഇതിനുള്ള പരിഹാരമെന്നാണ് പരിഹസിച്ചത്. ജലക്ഷാമത്തിന് ബാഷ്പീകരണത്തെ പഴിക്കുന്ന മുഖ്യമന്ത്രി ഡൽഹിയുടെ വെള്ളക്കെട്ട് പ്രശ്നത്തിനു മഴക്കാലത്തെയും വായുമലിനീകരണത്തിനു ശൈത്യകാലത്തെയും പഴിക്കുമെന്നായിരുന്നു സമൂഹമാധ്യമത്തിലെ ചില ഉപയോക്താക്കളുടെ കമന്റുകൾ.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുനമ്പം നിവാസികൾക്കു ഭൂമിയിലുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെ സന്ദർശിച്ച കെആർഎൽസിസി സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെൽവരാജൻ ദാസൻ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിൾ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവരാണു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. എംഎൽഎമാരായ ടി.ജെ. വിനോദ്, എം. വിൻസന്റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരെയും സംഘം സന്ദർശിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിനിധിസംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളയിൽ പോലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസ്ഥാന പോലീസ് മേധാവി റവാഡ എ.ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഇക്കാര്യം നേരിട്ടറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കായി സേനയെ നിയോഗിക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഗസ്റ്റ് ഹൗസിന് മുന്നിലും മറ്റും പോലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്.
യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കാൻ സതീശൻ നേരത്തെ നിർദേശം നൽകിയിരുന്നു. പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നായിരുന്നു നിർദേശം.
National
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
കെ.ജെ. ജോർജിന് ഊർജവും വിനോദസഞ്ചാരവും നൽകിയപ്പോൾ യു.ടി. ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നൽകി. ജലസേചന വകുപ്പ് നൽകിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാൽ ബംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നൽകി.
Kerala
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രി വി.ഡി സതീശനെ നിയമസഭയിൽ സന്ദർശിച്ചു.
കേസ് നടത്തിപ്പിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വീട് നൽകുമെന്ന് കഴിഞ്ഞ സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് ഉന്നയിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്നു നിയമസഭയിൽ വയ്ക്കും. ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദേശങ്ങളുമുണ്ടാകും.
രാവിലെ എട്ടിനു ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം തയാറാക്കിയത്.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിനു പിന്നാലെ ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റി വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
District News
തൃശൂർ: കോർപറേഷൻ പദ്ധതികളിൽ നേരിടുന്ന തടസങ്ങൾ നീക്കുന്നതിനു മുഖ്യമന്ത്രിയെ നേരിട്ടു സന്ദർശിച്ച് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ. മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിമാരെയും സന്ദർശിച്ച മേയർ കോർപറേഷനിലെ പദ്ധതികളുടെ തടസങ്ങളെല്ലാംനീക്കി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണവും പിന്തുണയും ഉറപ്പുവരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉത്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉത്പദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ നിർദേശം നൽകും.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം.
പാൽ ഉത്പാദനം വർധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉത്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.
ഉത്പാദന ചെലവിലുണ്ടായ വലിയ വർധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
National
തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. "ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്" എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന ഡിഎംകെ നേതാക്കളെ വേദിയിൽ വിജയ് രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്.
"എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ" എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തമിഴ്നാട്ടിലെ ഓരോ സാധാരണക്കാരന്റെയും പ്രതിനിധിയാണ് താനെന്നും വ്യക്തമാക്കി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും നാളെയും ഈ ബന്ധം ഇങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ഈ ആദ്യ പ്രസംഗം വലിയ ആവേശത്തോടെയാണ് തമിഴ് ജനത ഏറ്റെടുത്തത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ പഠനകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്റെ പ്രസംഗം ആരംഭിച്ചത്.
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണം. ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താത്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം. നിർമിത ബുദ്ധിയും പുതിയ കാലവും വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും സമൂഹത്തിന് മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ കുട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി ഉണ്ടായി പെണ്‍കുട്ടികള്‍ ഉന്നതിയിലെത്തി. കേരളത്തില്‍ ലോകോത്തര സ്ഥാപനങ്ങളും സയന്റിഫിക് സെന്ററുകളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, കോര്പറേഷന് മേയര്‍ വിവി. രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് സ്വാഗതം ആശംസിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയെടുത്തു.
ആദ്യമായി സ്കുളിലെത്തിയ കുരുന്നുകളെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് ലഡു നല്കി വരവേറ്റു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
Kerala
കോട്ടയം: ന്യുനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി അതിമനോഹരമായ മുഖപ്രസംഗങ്ങള്‍ എഴുതി ശക്തമായി നിലപാട് സ്വീകരിക്കുന്ന പത്രമാണ് ദീപികയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ദീപികയിലെ ആദ്യമുഖ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജമന്ദിരങ്ങളിലും മന്ത്രി സത്തമന്മാരുടെ സഭകളിലും ന്യായകര്ത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടില്‍ നടക്കുന്ന അനീതിയായ നടത്തങ്ങള്‍ പരജനപീഡകള്, സാധുക്കള്‍ക്കുള്ള ആവശ്യങ്ങള്‍ അറിയിച്ചു പരജനസങ്കടങ്ങള്ക്കു നിവൃത്തി വരുത്തി സകലഗുണ പ്രദസമുഖിയായി വിലസി എങ്ങും സഞ്ചരിച്ചു മംഗല്യമോടെ ചിരഞ്ജീവിയായി വാണുകൊണ്ടിരുന്നാലും... എന്ന ആദ്യ മുഖപ്രസംഗ വാക്കുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 140 വര്‍ഷങ്ങളായി ഈ വാക്കുകളില്‍ നിന്നു വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് ദീപിക നടത്തുന്നതെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റവും മനോഹരമായി രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തിക്കുന്ന പത്രമാണ് ദീപികയെന്നും മുഖപ്രസംഗങ്ങളിലുടെ എഴുതിയ കര്‍ഷകരുടെ ദുഃഖവും സങ്കടവും പ്രയാസങ്ങളും പരിഹരിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപ്ലവകരമായ രീതിയില്‍ അച്ചടിയെ ആദ്യമായി മാറ്റിയെടുത്തതു നസ്രാണി ദീപികയുടെ രൂപീകരണത്തിലുടെയാണ്. അനിതീക്കും അക്രമത്തിനും അന്യര്ക്കെതിരായ പീഡനത്തിനും എതിരായി പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പറയുകയാണ് നസ്രാണി ദീപികയുടെ ലക്ഷ്യം. ഈ ലക്ഷ്യം 140 വര്‍ഷങ്ങളായി ദീപിക ഭംഗിയായി നിര്‍വഹിക്കുന്നുവെന്നതാണ് നമ്മളെ വിസ്മയഭരിതരാക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനു ജന്മദിനാശംസകള് നേര്‍ന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. ദീപിക ശതോത്തര റൂബി ജൂബിലി ഉദ്ഘാടന വേദിയിലാണ് ഉപരാഷ ട്രപതിയും സദസും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നത്.
സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ നമുക്ക് പുതിയ ഒരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജന്മദിനമാണെന്നും നമുക്ക് എല്ലാവര്ക്കും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് ജന്മദിനാശംസകളും അഭിനന്ദനങ്ങളും നേരാമെന്നും പറഞ്ഞു. ഉടന്‍ വേദിയും സദസ് ഒന്നടങ്കവും എഴുനേറ്റുനിന്ന് കൈയടിച്ച് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
Kerala
ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക കുടുംബത്തിന്റെ ജന്മദിനാശംസകള് നേര്‍ന്നു. മുഖ്യമന്ത്രിയെ ബൊക്കെ നല്കി മാനേജിംഗ് ഡയറക് ടര്‍ സ്വീകരിച്ചു.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മദിനാശാംസകൾ നേർന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. റൂബി ജൂബിലിയുടെ ചടങ്ങിനിടെ അവതാരക മുഖ്യമന്ത്രിയുടെ ജന്മദിനമാണെന്ന് ഓർമപ്പെടുത്തുകയായിരുന്നു.
റൂബി ജൂബിലിയുടെ മുഖ്യാതിഥിയായ ഉപരാഷ്ട്രപതി മുഖ്യപ്രഭാഷണത്തിനിടെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുകയും സദസിലുള്ളവരോട് എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രിക്ക് ആശംസകൾ നേരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സദസ് ഒന്നാകെ എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രി ജന്മദിനാശാംസകൾ നേർന്നു.
ഉപരാഷ്ട്രപതിക്ക് പുറമേ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവമന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയ പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.
1964 മേയ് 31 എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും നാലാമത്തെ മകനായാണ് സതീശന്റെ ജനനം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്.
വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Kerala
കൊച്ചി: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെ സിഐ പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാനൊരുങ്ങി പരാതിക്കാർ. പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റൊരു നടപടിയും ഇതുവരെ ഉ ണ്ടായിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ ബെൻജോയും ഷൈമോളും ഒരുങ്ങുന്നത്.
സസ്പെൻഷൻ കിട്ടുന്നത് പോലീസുകാർക്ക് വെക്കേഷൻ പോലെയാണെന്ന് പ്രതാപചന്ദ്രൻ തങ്ങളോട് പറഞ്ഞതായും ബെൻജോ ദീപിക ഓൺലൈനിനോട് പ്രതികരിച്ചു. അടുത്തയാഴ്ച മുഖ്യന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാൻ ഇരിക്കുകയാണ്. സത്യസന്ധമാ യി ഞങ്ങളുടെ കേസ് പുനരന്വേഷണം നടത്തണം എന്നാണ് ആവശ്യം.
പ്രതാപചന്ദ്രനെതിരെ കേസ് എടുക്കാനായി ചീഫ് സെക്രട്ടറിക്ക് ഞങ്ങൾ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. നിയമപരമായി എല്ലാ സ്റ്റെപ്പുകളും നമ്മളെ കൊണ്ട് ചെയ്യിപ്പിച്ച് കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിയമപരമായി പോരാടാൻ തന്നെയാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങൾക്ക് നീതി കിട്ടുന്നില്ല. രണ്ടു മാസം മുമ്പ് അന്വേഷണം എന്ന് പറഞ്ഞ് കമ്മിഷണറുടെ ഓഫീസിൽ നിന്നും വിളിപ്പിച്ചിരുന്നു. വീണ്ടും ഞങ്ങളെ പ്രതികളെ പോലെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങൾ അന്വേഷണത്തോട് സഹകരിച്ചു. സസ്പെൻഷൻ ഒക്കെ ഞങ്ങൾക്കൊരു വെക്കേഷൻ പോലെയാണ്, നിങ്ങൾ എന്താ വിചാരിച്ചിരുന്നേ എന്നാണ് സിഐ പ്രതാപചന്ദ്രൻ ഞങ്ങളോട് അന്ന് പറഞ്ഞത്.
അതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരികയാണ്. ഇത്രയും സോളിഡ് ആയ പ്രൂഫ് ഈ ലോകത്തിന് മൊത്തം കാണിച്ചു കൊടു ത്തിട്ട് പോലും ഞങ്ങൾക്ക് നീതി കിട്ടുന്നില്ല എന്ന വിഷമമാണ്. വക്കീലാണ് പരാതി തയാറാക്കുന്നത്. പരാതിയുമായി നേരിട്ട് ഞാനോ ഭാര്യയോ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും എന്ന് ബെൻജോ പറഞ്ഞു.
2024 ജൂൺ 20ന് നോർത്ത് പോലീസ് സ്റ്റേഷനിൽ വച്ച് കൊച്ചി സ്വദേശിനിയായ ഷൈമോൾ എന്ന യുവതിയെ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ബെൻജോയെ പോലീസുകാർ പിടിച്ചു കൊണ്ടു പോയതിനെ തുടർന്നാണ് ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
Kerala
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി.
എംഎൽഎമാരായ പഴകുളം മധു, ടി.ഒ. മോഹനൻ എന്നിവർക്കൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ നിവേദനം നൽകി. രണ്ട് ആവശ്യങ്ങളും പരിശോധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Kerala
തിരുവനന്തപുരം: പിറണായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടികളുമായി മുന്നോട്ട് പോകുന്നത്.
ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. റെയ്ഡ് വിവരം ഇഡി മുൻകൂട്ടി പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ സ്ഥലത്ത് ആൾകൂട്ടം കണ്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പോലീസിനെ വിന്യസിച്ച ആഭ്യന്തര മന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണ്. പോലീസിന്റെ ഇടപെടൽ മൂലമാണ് അവിടെ വലിയൊരു സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗുരുതരമായ കുറ്റമാണ്. രാഹുൽഗാന്ധിക്കെതിരെ സിപിഎം നടത്തുന്ന വിമർശനത്തിലും വി.ഡി.സതീശൻ പ്രതികരിച്ചു. രാഹുൽഗാന്ധിയാണോ ഇഡി റെയ്ഡിന് ആളെ അയച്ചതെന്ന് അദ്ദേഹം ചോദിച്ചു. റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്.
തനിക്കെതിരെ ഇഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം.
ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് പറയാൻ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കോൺഗ്രസ് ഹൈക്കമാൻഡിന്റെ രാജ്യസഭാ വാഗ്ദാനം സ്നേഹത്തോടെ നിരസിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ രാജി സമർപ്പിച്ചു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്" - സിദ്ധരാമയ്യ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി ക്യാന്പയ്ന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയും, ഒപ്പം ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുകയുമായിരുന്നു ഹൈക്കമാൻഡിന്റെ ലക്ഷ്യം. ഇതിനായിട്ടാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ദില്ലിയിലേക്ക് പോകാൻ താല്പര്യമില്ലെന്ന് സിദ്ധരാമയ്യ തീർത്തുപറയുകയായിരുന്നു.
ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചനകൾ.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.
അതേസമയം, സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിന്റെ "ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനിടെയാണ് കൂടിക്കാഴ്ച.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാജി നല്‍കുമെന്നാണു സൂചന. എന്നാൽ, നേതൃമാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പമാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്. കർണാടകയിലെ രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ചർച്ചാവിഷയമായതെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിക്കും. അദ്ദേഹത്തെ വീണ്ടും നോമിനേറ്റ് ചെയ്യും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് രാജ്യസഭാ സ്ഥാനാർഥിയാകും. ഒരു വനിതയെയും ഒബിസി വിഭാഗത്തിൽനിന്ന് ഒരാളെയും സ്ഥാനാർഥിയാക്കും. നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ നാലെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക.
Movies
തിയറ്ററുകളിൽ ദിവസേന അഞ്ച് ഷോകൾക്ക് അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി പറഞ്ഞ് നടൻ വിശാൽ. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നും വിശാൽ പറയുന്നു.
''ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി. ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസിലാക്കുകയും, സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ എല്ലാ ചിത്രങ്ങൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.
National
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് മേയ് 18നാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.