പത്തനംതിട്ട: സംസ്ഥാനത്ത് ചൊവ്വാഴ്ചയും 11നുമായി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വോട്ട് നഷ്ടപ്പെടും.
ദേവസ്വം, പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, ബാങ്ക്, മരാമത്ത്, ടെലികമ്യൂണിക്കേഷന്‍, ഫയര്‍ഫോഴ്‌സ്, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരുടെയും താത്കാലിക ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരുടെയും വോട്ടുകളാണ് നഷ്ടമാകുന്നത്. ഏകദേശം ഏഴായിരത്തോളും ആളുകള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നാണ് പ്രാഥമിക കണക്ക്.
ദേവസ്വം ബോര്‍ഡില്‍ നിന്നു മാത്രം സന്നിധാനത്തും പമ്പയിലും എഴുനൂറോളം സ്ഥിരം ജീവനക്കാരും 1500 താത്കാലിക ജോലിക്കാരുമുണ്ട്. മരാമത്ത് ഓഫീസ്, ടെലികമ്യൂണിക്കേഷന്‍, ഇതരവിഭാഗങ്ങള്‍ എന്നീ ജോലികള്‍ ചെയ്യുന്നവര്‍ 200നു മുകളിലാണ്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 3000 പോലീസുകാരുണ്ട്.
കെഎസ്ആര്‍ടിസിയില്‍ പമ്പയില്‍ മാത്രം 699 ജീവനക്കാരുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവര്‍. 200 വനപാലകര്‍ ശബരിമലയിലുണ്ട്. കെഎസ്ഇബി, ജലഅഥോറിറ്റി, ജലസേചനം, അഗ്നിശമന സേന, ആരോഗ്യം വിഭാഗങ്ങളിലും നൂറുകണക്കിനു ജോലിക്കാരുണ്ട്.
ഇത്രയധികം ആളുകളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കു മാത്രമേ തപാല്‍ വോട്ട് ചെയ്യാന്‍ അനുമതിയുള്ളൂവെന്നാണ് കമ്മീഷന്‍ അറിയിച്ചത്. ഇക്കാരണത്താല്‍ പോലീസുകാരടക്കമുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അനുമതി നല്കാനാകില്ല.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മറ്റ് അടിയന്തര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്കിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇക്കാര്യം പരിഗണിച്ചിട്ടില്ല.
ശബരിമല ഡ്യട്ടിയിലുള്ളവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാറും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ് അപ്പോഴും കമ്മീഷന്‍ വിശദീകരിച്ചത്.
Tags : Postal Vote Vote Election Sabarimala