കൽപറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമയ്ക്കായി പുത്തുമലയിൽ സ്മൃതിമണ്ഡപം നിർമിക്കുന്നതിന് 99.93 ലക്ഷം രൂപ സർക്കാർ ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് ഇതിനായുള്ള തുക ജില്ലാ കളക്ടർക്ക് കൈമാറിയത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്.
സ്മൃതിമണ്ഡപ നിർമാണത്തിനായി ജില്ലാ നിർമിതി കേന്ദ്രം തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിന് 2025 ഓഗസ്റ്റ് ഒന്നിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് ഫണ്ട് വകയിരുത്തുന്നതിൽ വ്യക്തത തേടി ജില്ലാ കളക്ടർ കത്ത് നൽകിയതിനെ തുടർന്നാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
2024 ജൂലൈ 30-നുണ്ടായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 298 പേർ മരണപ്പെടുകയും 32 പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിയാൻ സാധിക്കാത്തവരുടെ മൃതദേഹങ്ങളും ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും സംസ്കരിച്ചത് മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിലാണ്. ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് ഏറ്റെടുത്ത 64 സെന്റ് ഭൂമിയിൽ ഒരുക്കിയ ഈ പൊതുശ്മശാനത്തിന് 'ജൂലൈ 30-ഹൃദയഭൂമി' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ ഹൃദയഭൂമിയിലാണ് ദുരന്തത്തിന്റെ ദീപ്തമായ ഓർമ്മപ്പെടുത്തലായി സ്മൃതിമണ്ഡപം ഉടൻ ഉയരുക.
Tags : Punchirimattam landslide CMDRF Puthumala Latest News