തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർട്ടിയുടെ അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും, വിട്ടുവീഴ്ച ചെയ്ത് മുന്നണി ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ.
പ്രതിപക്ഷ നിരയിൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് ഉപനേതൃപദവി വേണമെന്ന കടുംപിടിത്തത്തിൽ തന്നെയാണ് സിപിഐ. പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഈ പദവി സിപിഐക്ക് നൽകാനാവില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള മുൻകാല കീഴ്വഴക്കങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിൽ ഔദ്യോഗിക ധാരണയാകും മുമ്പ് ഉപനേതൃപദവി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മുന്നണി ഐക്യത്തിന് മുൻഗണന നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. പദവി നിഷേധിക്കപ്പെടുകയാണെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുന്നണിയിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
Tags : Binoy Viswam CPI CPM Latest News