തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തൃശൂർ ചിറ്റിശേരി സ്വദേശി രേഷ് ബാബുവാണ് മരിച്ചത്.
കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞുവീണത്. മകന്റെ ശരീരത്തില്‍ മര്‍ദത്തിന് സമാനമായ പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചു.
അതേസമയം, മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു. സർക്കാരിൽ നിന്നും ഇയാൾക്ക് പെൻഷനും ലഭിക്കുന്നുണ്ട്. 17-ാം തീയതി തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാലുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസിന്റെ പക്കലുണ്ട്.
Tags : Remand prisoner mental health challenges death treatment