തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വട്ടിയൂർക്കാവ് സ്വദേശിയും നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസക്കാരനുമായ സുരേഷ് (46) അയൽസംസ്ഥാനമായ തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതി ഭാര്യ ഹസീനയെ (36) വീട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറിലാണ് രക്ഷപ്പെട്ടത്.
സംശയരോഗത്തെ തുടർന്ന് സുരേഷ് മാസങ്ങളായി ഹസീനയുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ വെച്ചാണ് ഹസീനയുടെ കഴുത്തറുത്തത്. കൃത്യത്തിന് ശേഷം ഹ്യുണ്ടായി സാൻട്രോ കാറുമായി മുങ്ങിയ പ്രതി, എം.സി റോഡ് വഴി കരമന-കളിയിക്കാവിള ദേശീയപാതയിലെത്തി. തുടർന്ന് കിള്ളിപ്പാലം ഭാഗത്ത് വെച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ ഫോൺ പോലീസ് കണ്ടെടുത്തു സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്.
പ്രതി കിള്ളിപ്പാലത്തിന് ശേഷം നിരവധി ഇടറോഡുകളിലൂടെ കാറോടിച്ചു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ പോലീസ് ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ സുരേഷിന് ബന്ധുക്കളില്ലെങ്കിലും, പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തി കടന്നതെന്ന് മണ്ണന്തല പോലീസ് കരുതുന്നു. കൊല്ലപ്പെട്ട ഹസീനയ്ക്ക് സ്വഭാവദൂഷ്യങ്ങൾ ഒന്നുമില്ലെന്നാണ് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. അമ്മയുടെ അപ്രതീക്ഷിത വേർപാടിലും അച്ഛന്റെ ക്രൂരതയിലും പകച്ചുനിൽക്കുകയാണ് ഈ നാല് മക്കളും.