കൊച്ചി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കൊച്ചി സിറ്റി പോലീസിന്റെ ശക്തമായ നടപടി. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കൊച്ചിയിലുടനീളം നടത്തിയ വ്യാപക റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന 437 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ലഹരി വിൽപന ശൃംഖലകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ സ്റ്റേഷൻ പരിധികളിലുള്ള സംശയാസ്പദമായ കേന്ദ്രങ്ങളിലും, ലോഡ്ജുകളിലും ഫ്ലാറ്റുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
വിപണിയിൽ വൻതോതിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പരിശോധനയിൽ കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
Tags : Operation Toofan Kochi MDMA Latest News