ശബരിമല
കൊച്ചി: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.
മാസത്തിലൊരിക്കലെങ്കിലും ഉദ്യോഗസ്ഥന്റെ സാന്നിധ്യം കമ്മിറ്റിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. മണ്ഡല-മകരവിളക്ക് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയില്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിര്‍ദേശം.
ബജറ്റില്‍ തുക വകയിരുത്തിയിട്ടും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതികളെ ബാധിക്കുന്നുണ്ടെന്നു കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനവും തിരക്ക് നിയന്ത്രണവും ലക്ഷ്യമിട്ട് വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സമയപരിധിയും നിശ്ചയിച്ചിരുന്നു. ഓംബുഡ്സ്മാനു തുല്യമായ ഓണറേറിയം ഉന്നതാധികാര സമിതി ചെയര്‍മാനായ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിന് നല്കുന്നതു സംബന്ധിച്ചും കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി. തുടര്‍ന്ന് വിഷയം ജൂലൈ ഒന്നിനു വീണ്ടും പരിഗണിക്കാന്‍ മാറ്റി.
Tags : Sabarimala Master Plan