തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഏറെ ബുദ്ധിമുട്ടിയാണ് സിവിൽ സർവീസ് നിയമനങ്ങളും സ്ഥലംമാറ്റവും പൂർത്തിയാക്കിയതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐഎഎസ് കേരള കേഡറിൽ ആള് കുറവാണ്. ഒരുപാടു പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷനിൽ പോയവർ കേരളത്തിലേക്കു മടങ്ങിവരാൻ താത്പര്യം കാട്ടിയിരുന്നില്ല.
ഡോ.ബി. അശോകിന്റെ സസ്പെൻഷൻ റദ്ദാക്കി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതു ബിജെപി- യുഡിഎഫ് ഡീലിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് ഐഎഎസ് കേഡറിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാറില്ലെന്നായിരുന്ന ു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലുള്ളവരുടെ അച്ചടക്ക നടപടികൾ നിലനിർത്തിയാണ് സർവീസിൽ തിരിച്ചെടുത്തത്. ഗവർണർ സർവകലാശാലകളിൽ തങ്ങളുടെ ആളുകളെ നിയമിക്കാൻ തുടങ്ങിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതലാണ്. ഇതു പുതിയ കാര്യമല്ല. സർക്കാരിന്റെ അധികാരത്തിൽ ഗവർണറുടെ ഇടപെടലിനെ നിയമപരമായി ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
യുഡിഎഫ്- ബിജെപി ഡീൽ 30 മണ്ഡലങ്ങളിൽ നടന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ സിപിഎമ്മിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ എളുപ്പമാണെന്നും എന്നാൽ, തോറ്റത് ബോധ്യപ്പെടുത്താനാണ് പാടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നേമത്ത് യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറഞ്ഞിരുന്നു. ചാത്തന്നൂരിൽ സിപിഎം- ബിജെപി ഡീൽ ആയിരുന്നു നടന്നത്.
സിപിഐ സ്ഥാനാർഥി മത്സരിച്ച ഇവിടെ സിപിഎമ്മിന്റെ വോട്ട് ബിജെപിക്കു ലഭിച്ചു. ചാത്തന്നൂരിൽ എൽഡിഎഫിന്റെ വോട്ടിലാണ് കുറവുണ്ടായതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags : Shortage IAS Kerala cadre