കാലടി: എട്ടു വർഷം മുമ്പ് പിതാവിനെ കൊന്നയാളെ വെടിവച്ചുകൊന്ന് പട്ടാളക്കാരനായ മകന്റെ പ്രതികാരം. മഞ്ഞപ്ര കിലുക്കൻ ജോസ് (54) ആണ് മരിച്ചത്.
മഞ്ഞപ്ര കോതായി തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ജോസിന് വെടിയേറ്റത്. 12 വയസുള്ള മകനും ജോസിനോടൊപ്പമുണ്ടായിരുന്നു. ജോസിനെ വെടിവച്ച കാളാംപറമ്പൻ പോളിയെ പോലീസ് അറസ്റ്റ്ചെയ്തു. കെഎസ്ആർടിസി ഡ്രൈവറായിരുന്നു ജോസ്.
പട്ടാളക്കാരനായിരുന്ന പോളിക്കു തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായിരുന്ന ജോസിനോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇപ്പോൾ മഞ്ഞപ്രയിൽ താമസിക്കുന്ന ജോസ് മുമ്പ് കൊല്ലക്കോട് പോളിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്.
എട്ടു വർഷം മുമ്പ് അതിർത്തി തർക്കത്തെ തുടർന്ന് പോളിയുടെ പിതാവിനെ ജോസ് അടിച്ചു കൊലപ്പെടുത്തിയിരുന്നു. കേസിൽ കുറെക്കാലം ജയിൽവാസം അനുഭവിച്ച ജോസിനെ കോടതി വെറുതെവിട്ടു. ഇതിനെതിരേ പോളിയുടെ കുടുംബം അപ്പീൽ പോയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജയിലിൽനിന്നിറങ്ങിയശേഷം ജോസ് മഞ്ഞപ്രയിലേക്ക് താമസം മാറ്റുകയായിരുന്നു.
ഇന്നലെ കൊലപാതകത്തിനുശേഷം പ്രതി പോളി തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാലടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Tags : Son shoots killed Murder kilukkan jose death Poly