പരവൂര്‍: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2016-ല്‍ 6.8 ലക്ഷമായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണം 2024-ല്‍ 13.35 ലക്ഷമായി ഉയര്‍ന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അയക്കുന്ന സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശാണ് ഒന്നാമത്. പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരളം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 2020-ല്‍ മാത്രം ആന്ധ്രയില്‍ നിന്ന് 35,614 വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോയി. പഞ്ചാബില്‍ നിന്ന് 33,412 പേരും മഹാരാഷ്ട്രയില്‍ നിന്ന് 29,079 പേരും വിദേശ പഠനം തെരഞ്ഞെടുത്തു. മുന്‍വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്രയെ പിന്തള്ളിയാണ് പഞ്ചാബ് ഇത്തവണ രണ്ടാമതെത്തിയത്. ഗുജറാത്ത് (23,156), ഡല്‍ഹി (18,482), തമിഴ്നാട് (15,564) എന്നിവയാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. കേരളത്തില്‍ നിന്ന് 15,277 വിദ്യാര്‍ഥികളാണ് ഇതേ കാലയളവില്‍ വിദേശത്തേക്കു പറന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് , കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. ഇതില്‍ത്തന്നെ യുകെയിലേക്കും കാനഡയിലേക്കും പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ 2020-ല്‍ അപേക്ഷകരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ഥികളേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇന്ത്യയില്‍നിന്ന് പുറത്തേക്കു പോകുന്നവരുടെ എണ്ണമെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Tags : Studying Abroad Number of Indians