ആലപ്പുഴ: സിപിഎം വിട്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പാർട്ടിയെ സുധാകരൻ ചതിച്ചെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജി. സുധാകരനോട് തങ്ങൾ എന്ത് ദ്രോഹം ചെയ്തു. നാല് പ്രാവശ്യം എംഎൽഎ ആയി. രണ്ട് പ്രാവശ്യം മന്ത്രി ആയി. ഇത്രയും സ്ഥാനങ്ങൾ വഹിച്ച ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. തങ്ങളായി സുധാകരനെ പാർട്ടിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. ഒന്നുകൂടി മത്സരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടുപോയാൽ അതിന് തങ്ങൾ എന്തുവേണമെന്നും സജി ചെറിയാൻ ചോദിച്ചു.
ജി. സുധാകരന് പാർട്ടിക്കെതിരെ ഒരക്ഷരം പറയാൻ അർഹതയില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയും അല്ല. മത്സരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Tags : G Sudhakaran Saji Cherian Ambalapuzha CPIM