തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസംപോലും തികയേണ്ടിവന്നില്ല; അതിനുള്ളില്‍തന്നെ അഴിമതിയുടെ അലയൊലികള്‍ ഈ സര്‍ക്കാരിനെ വലയം ചെയ്തു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വമ്പന്‍ അഴിമതികള്‍ക്കും കോര്‍പറേറ്റ് കൊള്ളകള്‍ക്കും വഴിയൊരുക്കുമെന്ന പ്രതിപക്ഷ നിരീക്ഷണം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
മേയ് 18ന് സത്യപ്രതിജ്ഞ കഴിഞ്ഞു കൃത്യം മൂന്നാം നാള്, 21ന് സെക്രട്ടേറിയറ്റില്‍ അഴിമതിയുടെ ആദ്യഫയല്‍ അസാധാരണമായ രീതിയില്‍ സജീവമായി. അതു ജനങ്ങളുടെ ക്ഷേമമോ നാടിന്റെ വികസനമോ ആയി ബന്ധപ്പെട്ടുള്ള ഒരു അടിയന്തര പ്രാധാന്യമുള്ള ഫയലായിരുന്നില്ല; മറിച്ച് ‘ബക്കാര്‍ഡി’എന്ന സ്വകാര്യ കുത്തക മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നല്‍കാനുള്ള ഗൂഢനീക്കമായിരുന്നു.
2023ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്നിലെത്തുകയും ജനതാത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയും ചെയ്ത അതേ ഫയലാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ പൊടിതട്ടിയെടുത്തത്. ഈ ഫയല്‍ ശരവേഗത്തിലാണ് സഞ്ചരിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ഫയല്‍ നീങ്ങാന്‍ സാധാരണഗതിയില്‍ എത്ര സമയമെടുക്കുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് നന്നായറിയാം. എന്നാല്‍ ബക്കാര്‍ഡിക്ക് വേണ്ടി ഈ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിയത് വെറും രണ്ടര മണിക്കൂര്‍കൊണ്ടാണ്.
മുഖ്യമന്ത്രി കണ്ടതിനുശേഷം മിന്നല്‍വേഗത്തിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. ജൂണ്‍ 15ന് മുഖ്യമന്ത്രി തീരുമാനമെടുത്തതിനു ശേഷം ജൂണ്‍ 16ന് അതിരാവിലെ 8.45ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നീക്കിയ ഫയല്‍ പിന്നീട് ഒരു മിനിറ്റും രണ്ട് മിനിറ്റും ഇടവിട്ടാണ് ഓരോ ടേബിളുകളും കടന്നുപോയത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മദ്യക്കമ്പനിക്കുവേണ്ടി ഭരണകൂടം ഇത്ര ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച മറ്റൊരു സംഭവമുണ്ടാകില്ല.
ഇതൊരു സാധാരണ ഭരണനടപടിയല്ല; സര്‍ക്കാരിന് നികുതിനഷ്ടത്തിനും മദ്യകമ്പനിക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ഇതിന്റെയെല്ലാം വേരുകള്‍ എവിടേക്കാണ് നീളുന്നതെന്ന് വ്യക്തമാണ്. ആദ്യബജറ്റില്‍ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാര്‍ഡിയുമായുള്ള ഡീല്‍ പാലിച്ചു. സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ അനാവൃതമായത്.
സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോള്‍ വീര്യം കുറഞ്ഞത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒറ്റയടിക്ക് നികുതി 120 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
നികുതിയിനത്തില്‍ 130 ശതമാനത്തിലേറെ കുറവാണ് വരുത്തിയിരിക്കുന്നത്. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കാലങ്ങളായി ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി വരുന്നത്. എന്നാല്‍ മദ്യമുതലാളിമാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് നല്കി വിലകുറച്ച് കേരളത്തില്‍ മദ്യമൊഴുക്കുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും പിണറായി പറഞ്ഞു.
Tags :