വായന മലയാളികളുടെ ശീലമല്ലാതിരുന്ന കാലം. 140 വർഷം മുമ്പ് വായന അതിസന്പന്നരുടെ ആർഭാടമായിരുന്നു. താളിയോല കുറിപ്പുകൾ വായിച്ചിരുന്നവർ വിരളം.
പൊതു മലയാള സാക്ഷരത പരിമിതമായിരുന്ന പത്തൊന്പതാം നൂറ്റാണ്ടിലാണ് വിജ്ഞാനവിളക്കായി ദീപികയെത്തുന്നത്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയുടെ ചരിത്രം പരിശോധിച്ചാൽ അത് മലയാളനാടിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രംകൂടിയാണെന്നു കാണാം.
1887 ഏപ്രിൽ 15ന് മലയാളികൾക്കുള്ള വിഷുക്കണിയായിരുന്നു മാന്നാനത്ത് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച മരപ്രസിൽ നിധീരിക്കൽ മാണിക്കത്തനാർ പത്രാധിപരായി മുദ്രണം ചെയ്യപ്പെട്ട നസ്രാണി ദീപിക. പത്രത്തിന് ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന പേര് ‘നസ്രാണി സത്യപ്രകാശിക’ എന്നായിരുന്നു. കേരളവർമ വലിയ കോയിത്തന്പുരാന്റെ നിർദേശാനുസൃതമാണ് ‘നസ്രാണി ദീപിക’ എന്ന് പേര് സ്വീകരിക്കപ്പെട്ടത്.
1939 ഓഗസ്റ്റ് ഒന്നിന് ‘ദീപിക’യായി മാറി. മലയാളികളെ സാക്ഷരരും വായനാസന്പന്നരുമാക്കുകയും ഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുകയും ചെയ്തതിൽ ദീപിക ശ്ലാഘനീയ പങ്ക് വഹിച്ചിട്ടുണ്ട്. ഒന്നര നൂറ്റാണ്ടിനപ്പുറം നമ്മുടെ സമൂഹത്തിൽ നടമാടിയിരുന്ന ജാതി സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരേ ദീപിക മാനവികതയുടെ ശബ്ദമായി നിലകൊണ്ടു.
മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, പൗരസമത്വസമരം എന്നിവയിലെല്ലാം ദീപികയുടെ പിന്തുണയുണ്ടായിരുന്നു. രാജവാഴ്ചയിൽനിന്ന് പ്രജാഭരണത്തിലേക്ക് തിരുവിതാംകൂർ നടന്നുകയറിയത് ദീപികയുടെ പ്രകാശനത്തിനു ശേഷമായിരുന്നു.
1888ൽ ശ്രീമൂലം പ്രതിനിധി സഭ രൂപീകൃതമായതുമുതൽ അധികാര വികേന്ദ്രീകൃത ജനായത്തവത്കരണത്തിന് എല്ലാ പിന്തുണയും ദീപിക നൽകിപ്പോന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സർ സിപിയുടെ ഭരണപ്രാഗത്ഭ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കാനും മടിച്ചില്ല.
മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും ഇന്നേവരെയുള്ള പരിണാമങ്ങളിലും വലിയ പങ്കാളിത്തമുണ്ട്. ദീപിക ജനഹിതത്തിന് ഒപ്പം നിന്ന പത്രം മാത്രമല്ല, ജനഹിതത്തെ രൂപപ്പെടുത്തിയ പത്രംകൂടിയാണ്.
Tags : newspaper shaped public opinion deepika@140