തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020ൽ സുപ്രീംകോടതി ഹർജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡ് നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാൽ അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
മാർച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗംചേർന്നത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് തിങ്കളാഴ്ച ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്റെ നിലപാടണെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു.
Tags : sabarimala womens entry travancore devaswom board k.jayakumar