പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുന്പഴ ജംഗ്ഷനു സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ടുപേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച വടശേരിക്കര വള്ളിപറമ്പിൽ ഫിലിപ്പ് ഡാനിയേൽ (സണ്ണി - 64), സഹോദരൻ വർഗീസ് വി. ഡാനിയലിന്റെ (സജി) ഭാര്യ ലിൻസി ജോർജ് (64) എന്നിവരാണ് മരിച്ചത്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടം. ഫിലിപ്പിന്റെ സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങിൽ അഞ്ചലിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഇരുവരും. ഫിലിപ്പിന്റെ സ്വന്തം ഓട്ടോറിക്ഷയാണ്. ഫെഡറൽ ബാങ്ക് കുന്പഴ ശാഖയുടെ മുന്പിലാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.
ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കും മുന്പ് മരിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഫിലിപ്പ് ഡാനിയലിന്റെ ഭാര്യ: എൽസി ഫിലിപ്പ്. മക്കൾ: ജിൻസി ഫിലിപ്പ് (സൗദി), ടിൻസി ഫിലിപ്പ് (കുവൈറ്റ്). മരുമക്കൾ: ടോണി, ഷോജി. മരിച്ച ലിൻസിയുടെ മകൾ: ലിജി വർഗീസ്, മരുമകൻ: എബി.
Tags : killed death collision lorry autorickshaw accident