കോട്ടയം: ഇന്നത്തെ സ്ഥിതിയില്‍ തിരിച്ചുവരാനുള്ള ആത്മവിശ്വാസം യുഡിഎഫിനില്ലെന്നും അതിനാലാണ് മറ്റു പാര്‍ട്ടികളുടെ പിന്നാലെ നടക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന്. തിരുവനന്തപുരത്തെ സമരത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി എംപി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്. എല്‍ഡിഎഫ് മധ്യമേഖലാ ജാഥ ജോസ് കെ. മാണി നയിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റ് സമ്മേളനം നോക്കി തീരുമാനിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവന്നാല്‍ തീരുമാനം മാറ്റേണ്ടിവരും. ഇതുസംബന്ധിച്ച് നേരത്തേ ജോസ് കെ. മാണി അറിയിച്ചിരുന്നുവെന്നും വാസവൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചതാണ്. രാഹുല്‍ കോണ്‍ഗ്രസ് അംഗമല്ലെന്ന് ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ല. കൈപ്പത്തി ചിഹ്നം കൊടുത്തവര്‍ മറുപടി പറയണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി ജീവനക്കാരെ നിയമിക്കാമെന്ന ഉത്തരവിനെതിരേ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് റിക്രൂട്ടിംഗ് ഏജന്‍സിയുണ്ട്. ഇതുമുഖേനയാകണം നിയമനമെന്നത് സര്‍ക്കാര്‍ നിര്‍ദേശമാണ്. ശബരിമല കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ദേവസ്വം ബോര്‍ഡിനെതിരേ പരാമര്‍ശം നടത്തിയത് ദേവസ്വം ബെഞ്ചല്ല, സിംഗില്‍ ബെഞ്ചിന്റെ പരാമര്‍ശമാണ്.
മകരവിളക്ക് ദര്‍ശനത്തിനുശേഷം മടങ്ങുന്നതിനായി 1000 കെഎസ്ആര്‍ടിസി ബസ് ക്രമീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്കുമുമ്പ് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : V.N. Vasavan UDF confidence Kerala Congress