കോട്ടയം: മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്കും നേട്ടങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ 'പാറ്റകളെ' പിന്തുടരുന്ന അവസ്ഥയുണ്ടാകുമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷിക ആഘോഷങ്ങൾ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നല്ല കാര്യങ്ങൾ മാധ്യമങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണം. എങ്കിൽ മാത്രമേ യുവാക്കൾക്ക് കൃത്യമായ വിവരങ്ങളും ശരിയായ റോൾ മോഡലുകളും ലഭിക്കൂ. അല്ലാത്തപക്ഷം അവർക്ക് കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുകയും ഒടുവിൽ 'പാറ്റകളുടെ' പുറകെ പോവുകയും ചെയ്യും," ഉപരാഷ്ട്രപതി പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം വന്ന് വലിയ ചർച്ചയാകുന്ന ഇത്തരം കാര്യങ്ങൾക്ക് ആയുസുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് താൻ എതിരല്ലെന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, വാർത്തകളിൽ സ്വന്തം അഭിപ്രായങ്ങൾ തിരുകിക്കയറ്റുന്ന മാധ്യമങ്ങളുടെ പ്രവണതയെ വിമർശിച്ചു. വാർത്തകൾ എപ്പോഴും വസ്തുതാപരമായിരിക്കണം, അഭിപ്രായങ്ങൾ എഡിറ്റോറിയൽ പേജുകളിലാണ് വരേണ്ടത്. വായനക്കാർ വാർത്തകളുടെ തലക്കെട്ടുകൾ മാത്രം കണ്ട് സ്വാധീനിക്കപ്പെടുന്ന കാലമാണിതെന്നും വ്യാജവാർത്തകളും ഡിജിറ്റൽ മാധ്യമങ്ങളുടെ വെല്ലുവിളികളും വർധിച്ചുവരികയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Tags : Vice President C P Radhakrishnan 'cockroaches' Latest News News