കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസത്തിന് നഗരപരിധിയിൽ എൽസ്റ്റൻ എസ്റ്റേറ്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ റവന്യു മന്ത്രി കെ. രാജൻ സന്ദർശനം നടത്തി.
ടൗണ്‍ഷിപ്പിലെ രണ്ട് വീടുകളുടെ ടെറസിൽ വിള്ളൽ രൂപപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു സന്ദർശനം. ഇന്നലെ രാവിലെ പത്തരയോടെയാണ് എൽഡിഎഫ് നേതാക്കൾക്കൊപ്പം മന്ത്രി ടൗണ്‍ഷിപ്പിൽ എത്തിയത്. ടെറസിൽ വിള്ളൽ വീണ വീടുകൾ മന്ത്രി പരിശോധിച്ചു.
വീടുകളുടെ ടെറസിൽ വെള്ളം കിനിഞ്ഞതിന്റെ പാടുണ്ടെന്നും വിള്ളൽ ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയാക്കി വീടുകൾ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. 178 വീടുകളുടെ ഉടമാവകാശ രേഖയാണ് നൽകിയത്.
വീടുകളുടെ ടെറസിൽ വെള്ളം കിനിയുന്നത് തടയാനുള്ള പ്രവൃത്തി പൂർത്തിയായിട്ടില്ല. വാട്ടർ പ്രൂഫിംഗ് അടക്കം നടത്തിയശേഷമേ വീടുകൾ കൈമാറൂ. നിർമാണത്തിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. വീടുകൾ കൈമാറിയശേഷം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കരാർ സ്ഥാപനമായ ഊരാളുങ്കൽ സൊസൈറ്റി സമാധാനം പറയേണ്ടിവരും.
വീടുകളുടെ കാര്യത്തിൽ അഞ്ച് വർഷത്തെ ഉത്തരവാദിത്വം കരാർ സ്ഥാപനത്തിനുണ്ട്. കരാർ പ്രകാരം സൊസൈറ്റി ടൗണ്‍ഷിപ്പിലെ 410 വീടുകളുടെയും നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കേണ്ടതാണ്. ടൗണ്‍ഷിപ്പിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയെന്നും മന്ത്രി പറഞ്ഞു.
Tags : Wayanad Township crack home