തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.
പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Tags : arrest hashish oil Thrissur