ഇന്ന് ഏപ്രില്‍ 11. ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഒരാളും തലമുറകളുടെ മാര്‍ഗദര്‍ശിയുമായ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മവാര്ഷികദിനമാണിന്ന്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാല്‍ ഈ വേളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ധാര്‍മികമായ കരുത്തും വിശ്രമമില്ലാത്ത അന്വേഷണത്വരയും സാമൂഹ്യനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നിറഞ്ഞതായിരുന്നു മഹാത്മാ ഫുലെയുടെ ജീവിതം. പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെയും നേതൃത്വം നല്കിയ പ്രസ്ഥാനങ്ങളുടെയും പേരിലാണു മഹാത്മാ ഫുലെ സ്മരിക്കപ്പെടുന്നത്.
അതേസമയം, നമ്മുടെ നാഗരികയാത്രയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍, അദ്ദേഹം ഉണര്‍ത്തിയ പ്രതീക്ഷകളിലും ജനങ്ങളില്‍ പകര്‍ന്ന ആത്മവിശ്വാസത്തിലുമാണു നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ ചിന്തകള്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു പേര്‍ക്ക് ഇന്നും കരുത്തു പകരുന്നു.
1827ല്‍ മഹാരാഷ്ട്രയിൽ ജനിച്ച മഹാത്മാ ഫുലെ എളിയ സാഹചര്യങ്ങളില്‍ നിന്നാണു വളര്‍ന്നുവന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാരംഭകാലത്തെ കഷ്ടപ്പാടുകള്‍ പഠനത്തിനോ ദൃഢനിശ്ചയത്തിനോ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കോ ഒരിക്കലും തടസമായില്ല. എന്തു വെല്ലുവിളിയുണ്ടായാലും വെറുതെയിരിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും അറിവു നേടിയെടുത്ത് ആ വെല്ലുവിളികളെ ലഘൂകരിക്കണമെന്നുമുള്ള ചിന്ത എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്കൂള്‍ പഠനകാലം മുതല്ക്കേ അതീവ ജിജ്ഞാസുവായിരുന്ന ജ്യോതിറാവു, വായനാശീലമുള്ള ചെറുപ്പക്കാരനായിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ വായിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “നാം എത്രത്തോളം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവോ, അത്രത്തോളം അറിവ് അവയില്‍നിന്ന് പുറത്തുവരും”. കുട്ടിക്കാലം മുതല്ക്കു ലഭിച്ച ആ അന്വേഷണത്വര അദ്ദേഹത്തിന്റെ യാത്രയിലുടനീളം നിലനിന്നിരുന്നു എന്നത് വ്യക്തമാണ്.
പഠനവും വിദ്യാഭ്യാസവും ജീവിതത്തിലുടനീളം മഹാത്മാ ഫുലെയുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അറിവ് എന്നതു കാത്തുസൂക്ഷിക്കപ്പെടേണ്ട പ്രത്യേക അവകാശമല്ല; മറിച്ച്, പങ്കുവയ്ക്കപ്പെടേണ്ട ശക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഠനത്തിന്റെ സന്തോഷം പലര്‍ക്കും നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍, പെണ്‍കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആദ്യകാല വിദ്യാലയങ്ങള്‍ തുറന്നു.
“അമ്മമാരിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഏതൊരു പുരോഗതിയും അങ്ങേയറ്റം വിലപ്പെട്ടതാണ്. അതിനാല്‍, സ്കൂളുകള്‍ തുറക്കുന്നുവെങ്കില്‍ അവ ആദ്യം പെണ്‍കുട്ടികള്‍ക്കായി തുടങ്ങണം”- അദ്ദേഹം പറയുമായിരുന്നു. ക്ലാസ് മുറികള്‍ നീതിയുടെയും തുല്യതയുടെയും ഉപകരണമായി മാറുന്ന പുതിയ സാമൂഹികസങ്കല്‍പ്പം കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. തന്റെ അറിവും വിവേകവും കാരണം കൃഷി, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ മഹാത്മാ ഫുലെ കരുത്തുറ്റ ധാരണ വളര്‍ത്തിയെടുത്തു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേര്‍ക്കുള്ള അനീതി നമ്മുടെ സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.
കൃഷിയിടങ്ങളിലായാലും ഗ്രാമങ്ങളിലായാലും സാമൂഹിക അസമത്വങ്ങള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രകടമാകുന്നുവെന്ന് അദ്ദേഹം കണ്ടു. അതിനാല്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അന്തസ് ഉറപ്പാക്കുന്നതില്‍ അദ്ദേഹം മുഴുകി. അതേസമയം, സാമൂഹിക ഐക്യം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി.
“സമൂഹത്തിലെ എല്ലാവര്ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ യഥാര്‍ഥ സ്വാതന്ത്ര്യം കൈവരിക്കാനാകില്ല”- മഹാത്മാ ഫുലെ അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാട് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനും നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന സ്ഥാപനങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. അദ്ദേഹം സ്ഥാപിച്ച സത്യശോധക് സമാജ് ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. സാമൂഹികപരിഷ്കരണം, സാമൂഹ്യസേവനം, മാനവിക അന്തസ് ഉയര്‍ത്തിപ്പിടിക്കല്‍ എന്നിവയില്‍ ഈ പ്രസ്ഥാനം മുന്‍പന്തിയിലായിരുന്നു.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടിയുള്ള കരുത്തുറ്റ ശബ്ദമായി ഇതു മാറി. നീതിയും ഓരോ വ്യക്തിയോടുള്ള ബഹുമാനവും കൂട്ടായ പുരോഗതിയും കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാം എന്ന മഹാത്മാ ഫുലെയുടെ അന്തര്‍ലീനമായ വിശ്വാസത്തെയാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചത്.
അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കരുത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നതും ജനങ്ങള്‍ക്കിടയില്‍ ആയിരിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. എന്നാല്‍ ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍പോലും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മങ്ങലേല്‍പ്പിച്ചില്ല. പക്ഷാഘാതം പിടിപെട്ടു തളര്‍ന്നിട്ടും തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു.
നമ്മുടെ രാജ്യത്തെ മികച്ച പരിഷ്കര്‍ത്താക്കളില്‍ ഒരാളായ സാവിത്രിബായി ഫുലെയെ ആദരവോടെ പരാമര്‍ശിക്കാതെ മഹാത്മാ ഫുലെയെക്കുറിച്ചുള്ള ഒരു സ്മരണയും പൂര്‍ണമാകില്ല. ഇന്ത്യയിലെ ആദ്യകാല അധ്യാപികമാരില്‍ ഒരാളെന്ന നിലയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. അതുവഴി പെണ്‍കുട്ടികള്‍ക്കു തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം അവര്‍ നല്കി.
മഹാത്മാ ഫുലെയുടെ വിയോഗത്തിനു ശേഷം സാവിത്രിബായി ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയി. 1897ല്‍ പ്ലേഗ് പടര്‍ന്ന സമയത്ത് രോഗബാധിതരെ അത്രമേല്‍ അര്‍പ്പണബോധത്തോടെ സേവിച്ചതിനാല്‍ അവര്‍ക്കു രോഗം പിടിപെടുകയും സ്വജീവന്‍ നഷ്ടമാവുകയും ചെയ്തു.
2022ല്‍ പൂന സന്ദര്‍ശിച്ചതും നഗരത്തിലുള്ള അദ്ദേഹത്തിന്റെ വലിയ പ്രതിമയില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചതും ഞാന്‍ സ്നേഹപൂര്‍വം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുമ്പോള്‍ മഹാത്മാ ജ്യോതിറാവു ഫുലെയ്ക്കു നല്കാവുന്ന ഏറ്റവും ഉചിതമായ ആദരം പുനരര്‍പ്പണമാണ്.
അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേര്‍ന്നുള്ള വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കുക. അനീതിക്കെതിരായ നമ്മുടെ സംവേദനക്ഷമത പുതുക്കുക. സമൂഹത്തിനുള്ളില്‍നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന നമ്മുടെ വിശ്വാസം പുതുക്കുക. ജനനം കഴിഞ്ഞ് ഏകദേശം ഇരുനൂറു വര്‍ഷം പിന്നിടുമ്പോഴും മഹാത്മാ ജ്യോതിറാവു ഫുലെ ഭാവിയിലേക്കുള്ള മാര്‍ഗദീപമായാണ് നിലകൊള്ളുന്നത്.