താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ വിവാദ കരാര്‍രേഖ പുറത്ത്. ദല്ലാള്‍ നന്ദകുമാറിന്റെ സഹായത്തോടെയാണ് ‘അമ്മ’സംഗമം സംഘടിപ്പിച്ചത്.
നന്ദകുമാര്‍ ചെയര്‍മാനായ വെണ്ണലയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു മുഖ്യ സ്പോണ്സര്. 75 ലക്ഷം രൂപയ്ക്കായിരുന്നു ടൈറ്റിൽ സ്പോൺസർഷിപ്പ് ക്ഷേത്രം ഏറ്റത്.
കുടുംബ സംഗമ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ മുന്‍കൈയെടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണ്.
അശരണരായ കലാകാരന്മാരെ സഹായിക്കാന്‍ ക്ഷേത്രം നല്കാന് തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോണ്സര്ഷിപ്പാക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണു റിപ്പോര്‍ട്ട്.
മതേതരമൂല്യം ഉയർത്തിപ്പിടിക്കണമെന്നുകാട്ടി ഈ കരാറിനെയാണ് അൻസിബ ഹസൻ എതിർത്തത്. മതസ്ഥാപനങ്ങളിൽനിന്ന് പണം വാങ്ങരുതെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
എന്നാൽ ഇക്കാര്യം പ്രസിഡന്റ് ശ്വേതാ മേനോൻ തള്ളിക്കളഞ്ഞിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ എന്നതിനാൽ ആരിൽനിന്നും സംഭാവന സ്വീകരിക്കുന്നതിന് തടസമില്ലെന്ന് രണ്ടുദിവസം മുൻപ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് അമ്മയുടെ കുടുംബസംഗമം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു ഇതിന്റെ ടൈറ്റിൽ സ്പോൺസർ. 75 ലക്ഷം രൂപ നൽകാമെന്നാണ് സ്പോൺസർഷിപ്പ് കരാറിലുള്ളത്.
ഇതിൽ 30 ലക്ഷം ആദ്യഗഡുവായി നൽകുകയും ചെയ്തിരുന്നു. 45 ലക്ഷമാണ് കരാർ പ്രകാരം അമ്മയ്ക്ക് ലഭിക്കാനുള്ളത്. ഇതിനിടയിൽ പ്രസിഡന്റ് ടി.ജി. നന്ദകുമാർ ഉൾപ്പെടെയുള്ള ക്ഷേത്രം ഭാരവാഹികൾ ഒരു എതിർപ്പ് താരസംഘടനയെ അറിയിച്ചു. അവരുടെ പരസ്യം കുടുംബസംഗമ വേദിയിൽ വേണ്ട രീതിയിൽ പ്രദർശിപ്പിച്ചില്ല എന്നതാണ് ഇതിനു കാരണം. ഈ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
നൽകാനുള്ള ബാക്കി തുക സംഘടനയ്ക്ക് നൽകുമെന്നാണ് ടി.ജി. നന്ദകുമാർ പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയിലാണ് സ്പോൺസർഷിപ്പ് കരാർ പുറത്തുവന്നത്.