ആര്യ
നടൻ ആര്യയ്ക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസ്. ഹൈദരബാദ് ജൂബിലി ഹിൽസ്പോലീസാണ് കേസെടുത്തത്. മലയാള ചിത്രം അനന്തൻകാടിന്റെ ചിത്രീകരണത്തിനു വേണ്ടി ഉയർന്ന നിലവാരമുള്ള കാമറ ഉപകരണങ്ങൾ വാടകയ്ക്കെടുത്തതിൽ മുഴുവൻ തുകയും നൽകിയില്ലെന്നാണ് പരാതി.
മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന താഹെർ സിനി ടെക് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.
കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ പ്രതിനിധികളും നടൻ ആര്യയും ഉറപ്പു നൽകിയിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ ചെലവുൾപ്പെടെ മുടക്കി എത്തിച്ചു.
കരാർ തുകയായ 2.12 കോടി രൂപയിൽ 1.80 കോടി രൂപ കുടിശികയാണ്. കുടിശിക ആവശ്യപ്പെട്ടതിനെ തുടർന്നു സിനിമയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
Tags : Arya actor Case filed