മോഹൻലാൽ-ജഗതി-മധുബാല കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് സിനിമയാണ് യോദ്ധ (1992). തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും ഇന്നും ചലച്ചിത്രപ്രേമികളുടെ ഹരമാണ്. സംഗീത് ശിവൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
യോദ്ധയുടെ ചിത്രീകരണത്തിനിടെ നേപ്പാളിൽവച്ചുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവയ്ക്കുകയാണ് മധുബാല. മോഹൻലാലാണ് തന്നെ ആ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയതെന്നും മധുബാല വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈ-യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് യോദ്ധയിലെ ഓർമകൾ പങ്കുവച്ചത്.
കുനു കുനേ... എന്ന പ്രണയഗാനത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്:
ആദ്യമായിട്ടായിരുന്നു ഒരു മാസത്തോളം അച്ഛനില്ലാതെ മാറിനിൽക്കുന്നത്. എനിക്ക് കടുത്ത ഹോംസിക്നെസ് അനുഭവപ്പെട്ടിരുന്നു. റോജ-യിൽ ഒപ്പം പ്രവർത്തിച്ച പരിചയമുള്ളതിനാൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ വലിയൊരു ആശ്വാസമായി ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാൻ പുസ്തകങ്ങൾ വാങ്ങി നൽകുകയും തന്നോടു സംസാരിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. മലയാളം അറിയില്ലാതിരുന്നിട്ടും മോഹൻലാലും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരും തന്നെ ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്...
നേപ്പാളിലെ തിരക്കേറിയ മാർക്കറ്റിലായിരുന്നു കുനു കുനേ... എന്ന പാട്ടിന്റെ ചിത്രീകരണം. വൈകുന്നേരമായാൽ മദ്യപാനികളുടെ ശല്യമുള്ള പ്രദേശം. എന്നാൽ അണിയറപ്രവർത്തകർക്ക് അതൊന്നും അറിയില്ലായിരുന്നു. മാർക്കറ്റിലെ ആൾക്കൂട്ടം ക്ഷേത്രത്തിന്റെ പടികൾ കയറി ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങി. മദ്യപിച്ച ജനക്കൂട്ടം ഞങ്ങൾക്ക് തൊട്ടടുത്തെത്തി.
അവർ കടന്നുപിടിക്കുമെന്ന് തോന്നി. അപകടം മണത്തയുടൻ മോഹൻലാൽ ഇടപെടുകയായിരുന്നു. ഉടൻ ലാലേട്ടൻ എന്റെ കൈയിൽ പിടിച്ചു. സംഗീതിന്റെ അസിസ്റ്റന്റ് ബിജോയ്യും കൂടെയുണ്ടായിരുന്നു. എന്നെയും കൊണ്ട് ആ പടികളിൽ നിന്നവർ താഴേക്കുചാടി. ആൾക്കൂട്ടത്തിനിടയിലൂടെ ഒരു കാറിലേക്ക് എന്നെ സുരക്ഷിതമായി എത്തിച്ചു. അവിടെനിന്നു നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്... മധുബാല പറഞ്ഞു.
ജനക്കൂട്ടത്തിന് നടുവിലൂടെ കോസ്റ്റ്യൂമിൽ ഓടിയിട്ടും ആരും തന്റെ ദേഹത്ത് പോലും തൊടാതെ മോഹൻലാലും ബിജോയിയും കാത്തുരക്ഷിച്ചെന്നും താരം ഓർക്കുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സുരക്ഷിതത്വവും കരുതലും തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നന്ദിയോടെ അതെല്ലാം ഓർക്കുന്നവെന്നും മധുബാല കൂട്ടിച്ചേർത്തു.