വോട്ട് അഭ്യർഥിക്കാനെത്തിയ രമേഷ് പിഷാരടിയെ കണ്ടതും ആ കുഞ്ഞുമിടുക്കൻ ചോദിച്ചത് എന്റെ അനിയത്തിയെ കാണാൻ വരാമോയെന്നാണ്.
സംഭവം നടന്നത് പാലക്കാട് സഹകരണ ആശുപത്രിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഷാരടിവോട്ട് ചോദിച്ചെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ മുഹൂർത്തം.
ആശുപത്രിയിൽ വോട്ട് ചോദിക്കുന്നതിനിടെയാണ് ഒരു കൊച്ചുമിടുക്കൻ പിഷാരടിയുടെ അടുത്തെത്തി തന്റെ കുഞ്ഞുവാവയെ കാണാൻ വരുമോ എന്ന് ചോദിച്ചത്.
കുട്ടിയുടെ ഈ ക്ഷണം നിരസിക്കാതെ താരം ഉടൻ തന്നെ കൂടെ ഇറങ്ങി. കുട്ടിയോടൊപ്പം പടികൾ ഓടിക്കയറി ആശുപത്രിയിൽ അവന്റെ അമ്മയും കുഞ്ഞനിയത്തിയും കിടക്കുന്ന മുറിയിലേയ്ക്കെത്തി. പൊടുന്നനേ മുറിയിലെത്തിയ പിഷാരടിയെ കണ്ട് എല്ലാവരും അമ്പരക്കുന്നുണ്ട്.
അത്ഭുതപ്പെട്ട് നിന്നവരോടെല്ലാം ചിരിച്ചു സംസാരിച്ചുകൊണ്ടാണ് താരം കുട്ടിയുടെ പിന്നാലെ നടന്നത്.
ഞാൻ താഴെ വോട്ട് ചോദിക്കാൻ എത്തിയപ്പോൾ ഇവൻ അടുത്ത് വന്നു, എനിക്കൊരു കുഞ്ഞുവാവ ഉണ്ടായി അവളെ കാണാൻ വരുമോ എന്ന് ചോദിച്ചു വിളിച്ചുകൊണ്ടുവന്നതാണ് എന്ന് പിഷാരടി തന്നെ കാര്യങ്ങൾ വിശദീകരിച്ചതോടെ ബന്ധുക്കളുടെ ഞെട്ടൽ വലിയ സന്തോഷത്തിന് വഴിമാറി.
ആൺകുട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് "നിനക്ക് സന്തോഷമായോ? പുതിയ കുഞ്ഞുവാവ എങ്ങനെയുണ്ട്, സൂപ്പർ അല്ലേ?" എന്ന് കുശലം ചോദിച്ച ശേഷമാണ് താരം അവിടെനിന്ന് മടങ്ങിയത്.
Tags : Ramesh Pisharady udf candidate palakad