വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന രണബാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. യഥാർത്ഥ ജീവിതത്തിൽ വിവാഹിതരായതിന് തൊട്ടുപിന്നാലെ ഈ പോസ്റ്ററുകൾ പുറത്തുവന്നത് ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ നായികാനായകന്മാരുടെ ലുക്കിനൊപ്പം പുറത്തുവിട്ട പ്രത്യേക വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. നമ്മുടെ രണബാലിയും ജയമ്മയും, എന്നന്നേക്കും ഒന്നായി എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഈ സർപ്രൈസ് വീഡിയോ പങ്കുവച്ചത്.
ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണ് രണബാലി. 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും പ്രത്യക്ഷപ്പെടുന്നത്.
ശ്യാം സിംഘ റോയ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബജറ്റിലാണ് മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്നത്. ഒരു ചരിത്ര പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയവും അതിശക്തമായ ആക്ഷൻ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം.