തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മലയാളിയായ കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകൾ. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്.
ഇപ്പോഴിതാ ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ ശരീരഭാരം കുറച്ചപ്പോൾ അത് സർജറിയിലൂടെയാണെന്നു പലരും അഭിപ്രായപ്പെട്ടു. അതെന്നെ വളരെയധികം വേദനിപ്പിച്ചു. ഇന്ന് ഞാൻ എന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. എന്നിട്ടും ആളുകൾ എന്നെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ്.
നിങ്ങൾ തടിച്ചാൽ അവർ മെലിഞ്ഞിരിക്കാൻ പറയും, മെലിഞ്ഞാൽ അവർ തടിച്ചതായിരിക്കാൻ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ ചിലപ്പോൾ അദ്ഭുതപ്പെടുന്നു. യോഗ എനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകി. എന്റെ ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ അത് പഠിപ്പിച്ചു. ജിം ഒന്നിനും ഒരു തടസമല്ല. അതിനെ ശരിയായ രീതിയിൽ സമീപിക്കാൻ എനിക്കു കഴിയാതിരുന്നതാണ് പ്രശ്നം.
ഞാൻ അതു മനസിലാക്കി- ഇൻസ്റ്റഗ്രാമിൽ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് കീർത്തി വ്യക്തമാക്കി.
നിരവധി പേരാണ് കീർത്തിയുടെ പോസ്റ്റിനെ പ്രശംസിച്ച് കമന്റുമായി എത്തുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്.