ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ ഉത്തരവിന് പിന്നാലെ അഭിനന്ദനവുമായി കമൽഹാസനും വിശാലും.
അധികാരത്തിലേറിയ ഉടൻ മദ്യശാലകൾ അടയ്ക്കാനുള്ള പ്രഖ്യാപനത്തിന് ഇരുവരും നന്ദി പറഞ്ഞു.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ നീക്കം ചെയ്യണമെന്ന തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ പറഞ്ഞു.
മദ്യ വിൽപ്പന ഒരിക്കലും ഒരു സർക്കാർ പ്രവർത്തനമായിരിക്കരുത്. മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തമിഴ്നാട് സർക്കാർ ഈ നിലയിലേക്ക് പുരോഗമിക്കണം. ഇന്ന്, 717 മദ്യ വിൽപ്പന ശാലകൾ അടച്ചു കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഈ സംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി തുടരേണ്ടതുണ്ട് എന്നും കമൽഹാസൻ പറഞ്ഞു.
717 മദ്യശാലകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള താങ്കളുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു നടൻ വിശാലിന്റെ പ്രതികരണം. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ നടക്കാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്കൊപ്പം ഞാനും സാധാരണക്കാരായ നിരവധിപേരും നിങ്ങൾക്ക് നന്ദി പറയുന്നു.
നമ്മുടെ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ എന്റെ മുഖത്തും മറ്റനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. ഈ തീരുമാനത്തെയും താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ഇന്ന് ഞാൻ സല്യൂട്ട് ചെയ്യട്ടെയെന്നുമാണ് വിശാൽ വിജയിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.
717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന്(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചുള്ളതായിരുന്നു വിജയ് സർക്കാരിന്റെ സുപ്രധാന ഉത്തരവ്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ ഉത്തരവാണിത്. അടുത്ത രണ്ടാഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.