അഹമ്മദാബാദ്: ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻശ്രമിച്ച കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ പൗരന്മാർക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ ഭുജിലെ പ്രത്യേക കോടതിയാണ് ആറ് പാക് പൗരന്മാർക്ക് ശിക്ഷ വിധിച്ചത്.
മുഹമ്മദ് ഇമ്രാൻ മുഹമ്മദ് താരിഖ് വാഗർ (31), ഡാനിഷ് മുഹമ്മദ് ഹുസൈൻ കാച്ചി വാഗർ (24), സാഗർ മുഹമ്മദ് കാച്ചി വാഗർ (23), ഇസ്മായിൽ ഇബ്രാഹിം ബദാല (75), മുഹമ്മദ് സാജിദ് മുഹമ്മദ് ഹുസൈൻ യകുബ്ലാല കുംഗ്ര (24), അഷ്ഫാഖ് (24) എന്നിവരാണ് പിടിയിലായത്.
ഏകദേശം 384.68 കോടി രൂപയുടെ ഹെറോയിൻ കടത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 2021 ഡിസംബർ 20 ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിൽ സമുദ്രാതിർത്തിയിൽ നിന്നുമാണ് സംഘത്തെ പിടികൂടിയത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഭാവേഷ് റോസിയ നൽകിയ പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജഖാവു തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ നിന്നുമാണ് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയത്.
ബോട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ 76.936 കിലോഗ്രാം ഹെറോയിൻ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി നിവാസികളായ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ 8(സി), 22(സി), 25, 29 എന്നീ വകുപ്പുകൾ ഉൾപ്പെടെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Tags : Pakistanis Jail Heroin Bust police case