ന്യൂഡൽഹി: എംപിമാരുടെ കൊഴിഞ്ഞുപോക്കിനിടെ പഞ്ചാബില് അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്ട്ടി. ബുധനാഴ്ച ജലന്ധറിൽ ചേരുന്ന യോഗത്തിൽ എംഎൽഎമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് വിളിച്ച യോഗത്തില് ഓണ്ലൈനായി അരവിന്ദ് കേജരിവാളും പങ്കെടുക്കും. പഞ്ചാബിലെ 92 എംഎല്എമാരില് ചിലരെങ്കിലും പാര്ട്ടി വിട്ടവര്ക്കൊപ്പം ചേര്ന്നേക്കുമെന്ന സൂചനയുണ്ട്. ഇതിനിടെയാണ് യോഗം ചേരുന്നത്.
ഇതിനിടെ രാഘവ് ഛദ്ദയടക്കം നേതാക്കളുടെ ബിജെപി പ്രവേശം അംഗീകരിച്ച രാജ്യസഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ ആപ് കടുത്ത പ്രതിഷേധം അറിയിച്ചു. പാര്ട്ടി നല്കിയ നോട്ടീസ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പാര്ട്ടിയോടാലോചിക്കാതെയാണ് ഏഴ് എംപിമാരെ ബിജെപിക്കൊപ്പം ചേര്ത്ത് പട്ടികയിറക്കിയതെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.