അയോധ്യ സംഭവാനത്തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രകടനം
ലക്നോ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്നതായി പറയപ്പെടുന്ന സംഭാവന തട്ടിപ്പ് കേസിൽ, പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. ഇതുസംബന്ധിച്ച കത്ത് വിഎച്ച്പി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറി. പ്രിയങ്ക ഗാന്ധി വദ്ര, അരവിന്ദ് കെജ്രിവാൾ, സഞ്ജയ് സിംഗ്, രാം ഗോപാൽ യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.
ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഈ നേതാക്കൾ പലതവണ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ കേസിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവർക്കുണ്ടെന്നതിന്റെ തെളിവാണെന്നും, അതിനാൽ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴികൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലെ തെളിവുകളും വിവരങ്ങളുടെ ഉറവിടവും ഹാജരാക്കാൻ ഇവർ ബാധ്യസ്ഥരാണെന്ന് വിഎച്ച്പി കത്തിൽ വ്യക്തമാക്കി.
അതേസമയം, അടിസ്ഥാനരഹിതമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട നേതാക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്ഐടിയോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് "ദയനീയവും ലജ്ജാകരവും" ആണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിശ്വാസത്തോടെ രാജ്യത്തെ ജനങ്ങൾ നൽകിയ സംഭാവനകൾ തട്ടിയെടുക്കപ്പെട്ടത് ഗൗരവകരമാണെന്നും, സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : VHP SIT Latest News