ന്യൂഡൽഹി: പതിനൊന്നു ദിവസം നീണ്ട ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് ഖാർഗെയുടെ വസതിയിൽ രാവിലെ രാഹുൽ ഗാന്ധിയും ഖാർഗെയും വീണ്ടും ചർച്ച നടത്തി.
ഖാർഗെയും രാഹുലും രണ്ടു ദിവസമായി പലവട്ടം നടത്തിയ ചർച്ചകളിലാണ് കേരളത്തിലെ കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച വേണുഗോപാലിനു പകരം വന്പൻ ട്വിസ്റ്റോടെ സതീശനെ നായകനാക്കാൻ അന്തിമ തീരുമാനമെടുത്തത്. സോണിയാ ഗാന്ധിയുടെകൂടി അംഗീകാരം കിട്ടിയതോടെ സതീശൻ മുഖ്യമന്ത്രിയാകുമെന്നു തീർച്ചയായി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കേരളത്തിൽ കേന്ദ്ര നിരീക്ഷകരായെത്തിയ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരുമായും വീണ്ടും ചർച്ച ചെയ്താണു തീരുമാനം.
തൊട്ടുപിന്നാലെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഹൈക്കമാൻഡിന്റെ വിശ്വസ്തനുമായ വേണുഗോപാലിനെ ഖാർഗെയുടെ വസതിയിലേക്കു ക്ഷണിച്ചുവരുത്തി തീരുമാനം അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം അടക്കം മുഖ്യമന്ത്രിപദവിയിലേക്കു വേണുഗോപാലിനുള്ള അർഹതയിൽ സംശയമില്ലെന്നും എന്നാൽ, കേരളത്തിലെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ച്, സതീശനെ നേതാവായി നിയമിക്കുകയാണെന്നും രാഹുലും ഖാർഗെയും വിശദീകരിച്ചു.
നിയമസഭാ കക്ഷിയിലും പിസിസി, ഡിസിസികളിലും ഭൂരിപക്ഷം പേരുടെ പിന്തുണയുണ്ടായിട്ടും പാർട്ടിക്കും യുഡിഎഫിന്റെ വിജയത്തിനും കാര്യമായ കഠിനാധ്വാനം ചെയ്ത തന്നെ ഒഴിവാക്കുന്നതിനോട് പൊരുത്തപ്പെടാൻ തുടക്കത്തിൽ വേണുഗോപാലിനു കഴിഞ്ഞില്ല. എന്നാൽ, താൻ പാർട്ടിയുടെ വിശ്വസ്ത ഭടനാണെന്നും തീരുമാനത്തിനു വഴങ്ങുകയാണെന്നും ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ വേണുഗോപാൽ അറിയിച്ചു.
തുടർന്ന് ചെന്നിത്തലയെ ടെലിഫോണിൽ വിളിച്ച് രാഹുലും ഖാർഗെയും സംസാരിച്ചു. സീനിയോറിറ്റി അടക്കം തന്റെ അർഹതയെ തള്ളിയതിലുള്ള വിഷമവും അതൃപ്തിയും ചെന്നിത്തല മറച്ചുവച്ചില്ല. മുതിർന്ന നേതാവായ ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഖാർഗെപോലും പ്രയാസപ്പെട്ടു. പക്വതയുള്ള നേതാവായ ചെന്നിത്തല പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയോ ധിക്കരിക്കുകയോ ചെയ്യില്ലെന്നു ഹൈക്കമാൻഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചെന്നിത്തല, വേണുഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മമുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ടെലിഫോണിൽ വിളിച്ച് ഖാർഗെ തീരുമാനം അറിയിച്ചു. ശരിയായ തീരുമാനമാണെന്നും സർവാത്മനാ പിന്തുണയുണ്ടെന്നും തങ്ങൾ വ്യക്തമാക്കി.
Tags : anticipation twist vd Satheesan