മുംബൈ: 1993-ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ അബു സലീമിന് ബോംബെ ഹൈക്കോടതി അടിയന്തര പരോൾ നിഷേധിച്ചു. ഉത്തർപ്രദേശിലെ അസംഗഢിലുള്ള ജന്മനാട്ടിൽ സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. പോലീസ് സുരക്ഷയ്ക്കായി ആവശ്യപ്പെട്ട വൻതുക നൽകാൻ കഴിയില്ലെന്ന് സലീം അറിയിച്ചതിനെത്തുടർന്നാണ് നടപടി.
ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരോൾ അനുവദിക്കണമെങ്കിൽ പോലീസ് എസ്കോർട്ടിന്റെ ചിലവ് പ്രതി തന്നെ വഹിക്കണമെന്ന് കോടതി വ്യക്തമാക്കി. സലീമിനെ ഉത്തർപ്രദേശിൽ കൊണ്ടുപോകുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഏകദേശം 17.60 ലക്ഷം രൂപ ചിലവ് വരുമെന്നാണ് അധികൃതർ കണക്കാക്കിയത്.
"സുരക്ഷാ ചിലവിന്റെ കാര്യത്തിൽ സർക്കാരുമായി വിലപേശാൻ പ്രതിക്ക് അവകാശമില്ല" എന്ന് ജസ്റ്റിസ് ഗഡ്കരി തുറന്നടിച്ചു. പരോൾ വേണമെങ്കിൽ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തുകയും അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ കഴിഞ്ഞ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സലീമിന് ഇത്രയും വലിയ തുക നൽകാൻ സാമ്പത്തിക ശേഷിയില്ലെന്നും പരമാവധി ഒരു ലക്ഷം രൂപമാത്രമേ നൽകാൻ സാധിക്കുവെന്നും അബു സലീമിന് വേണ്ടി ഹാജരായ അഭിഭാഷക ഫർഹാന ഷാ പറഞ്ഞു. സുരക്ഷാ ചിലവ് അടയ്ക്കാൻ തയ്യാറല്ലാത്തതിനാൽ സലീമിന്റെ ഹർജിയിൽ മെറിറ്റ് ഇല്ലെന്ന് നിരീക്ഷിച്ച കോടതി അത് തള്ളിക്കളഞ്ഞു.
1993-ലെ മുംബൈ സ്ഫോടനക്കേസിൽ പ്രതിയായ അബു സലീമിനെ 2005-ലാണ് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയത്. നിലവിൽ നാസിക് സെൻട്രൽ ജയിലിൽ കഴിയുന്ന സലീമിന് 25 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2025 നവംബറിലാണ് സലീമിന്റെ സഹോദരൻ മരണപ്പെട്ടത്. എന്നാൽ ജയിൽ അധികൃതർ പരോൾ നിഷേധിച്ചതിനെത്തുടർന്ന് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tags : Bombay High Court Abu Salem; parole