ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ടവരെ ബിഎസ്എഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നു
ന്യൂഡൽഹി: ഗംഗാനദിയിലുണ്ടായ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട 10 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് പട്രോളിംഗ് സംഘം രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 20 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവും ഉൾപ്പെടുന്നു.ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ചിലെ ബഖെർ അലി ഘാട്ടിൽ നിന്ന് ജോഹർപൂരിലേക്ക് 12 യാത്രക്കാരുമായി പോകുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 20 മിനിറ്റിനുള്ളിൽ ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് ബോട്ട് നടുപ്പുഴയിൽ മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ടവർ ശക്തമായ ഒഴുക്കിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തി. തുടർന്ന്, പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം ഇവരെ കാണുകയും സ്പീഡ് ബോട്ടുമായി ഉടനടിയെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. 20 ദിവസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികൾ, മൂന്ന് സ്ത്രീകൾ, നാല് പുരുഷന്മാർ എന്നിവരടങ്ങുന്ന പത്ത് പേരെയാണ് ബിഎസ്എഫ് രക്ഷപെടുത്തിയത്. അപകടത്തിൽപ്പെട്ട മറ്റൊരാൾ നീന്തി ബംഗ്ലാദേശ് തീരത്തേക്ക് രക്ഷപ്പെട്ടു.
രക്ഷപ്പെടുത്തിയവർക്ക് ബിഎസ്എഫ് പ്രഥമശുശ്രൂഷയും ഭക്ഷണവും വസ്ത്രങ്ങളും നൽകുകയും പ്രാദേശിക ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന്, ബംഗ്ലാദേശ് ബോർഡർ ഗാർഡുമായി ബന്ധപ്പെട്ട് എല്ലാവരെയും സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു.
Tags : BSF Jawans Rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash