ജേക്കബ് കോക്സൺ
വാഷിംഗ്ടൺ: നിർമിത ബുദ്ധി മേഖലയിലെ മുൻനിര കമ്പനിയായ ആന്ത്രോപിക്കിലെ 27-കാരനായ പ്രമുഖ ഗവേഷകൻ ജേക്കബ് കോക്സൺ രാജിവെച്ചതിനെ തുടർന്ന് ഉന്നയിച്ച വിമർശനങ്ങൾ ഐ.ടി രംഗത്ത് വലിയ ചർച്ചയാകുന്നു. സൂപ്പർ ഇന്റലിജന്റ് എഐ വികസിപ്പിക്കുന്നതിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും സർക്കാരുകളും ജാഗ്രത പാലിക്കേണ്ട സമയത്ത്, വൻകിട കമ്പനികൾ മനുഷ്യരാശിയുടെ ഭാവി വച്ച് "ചൂതാട്ടം നടത്തുകയാണെന്ന്" കോക്സൺ ആരോപിച്ചു.
സൂപ്പർ ഇന്റലിജൻസും നിർമിത ബുദ്ധിയുടെ സുരക്ഷയും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ സാൻഫ്രാൻസിസ്കോയിലെ ഏതാനും എഞ്ചിനീയർമാർ അവരുടെ മാക്ബുക്കുകളിലൂടെയും കമ്പനിയുടെ ആന്തരിക 'സ്ലാക്ക്' ചാനലിലൂടെയുമാണ് തീരുമാനിക്കുന്നതെന്ന് കോക്സൺ തുറന്നടിച്ചു. എ.ഐ വികസനത്തിൽ കമ്പനികൾ കാണിക്കുന്ന ധൃതി അപകടകരമാണ്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിക്ക് വലിയ ഭീഷണിയായേക്കാം എന്ന് സ്വകാര്യമായി വിശ്വസിക്കുന്ന പ്രമുഖ ഗവേഷകർ പോലും പരസ്യമായി ഈ മുന്നറിയിപ്പുകൾ നൽകാൻ മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് ഓപ്പൺ എഐ ടീമിലും പ്രവർത്തിച്ചിട്ടുള്ള കോക്സണിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെ മറ്റ് രണ്ട് പ്രമുഖ ഗവേഷകരായ ജോ ബെന്റൺ, ജോഷ് എൻഗൽസ് എന്നിവരും ജോലി രാജിവെച്ചു.
കോക്സണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് മോഡലുകളുടെ വികസന വേഗത കുറയ്ക്കണമെന്നും സ്വതന്ത്ര വിലയിരുത്തൽ സമിതികളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കുറിപ്പ് പുറത്തിറക്കി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എലോൺ മസ്ക്, ഗൂഗിൾ ഡീപ്മൈൻഡ് അധ്യക്ഷൻ ഡെമിസ് ഹസ്സാബിസ് എന്നിവരും അമോഡെയുടെ നിർദേശങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
Tags : JacobCoxon AIreseracher Anthropic LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash