സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം
ചെന്നൈ: തമിഴ്നാട്ടിൽ ഒക്ടോബർ ആറിന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിനും പ്രതിപക്ഷമായ ഡിഎംകെക്കും പിന്തുണ നൽകാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഎം തീരുമാനം. മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി തനിച്ച് ജനവിധി തേടുന്നത്. തൃച്ചിയിൽ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് നിർണായക തീരുമാനം.
എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് മധുരാന്തകം, ധാരാപുരം സംവരണം മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ടിവികെ വിളിച്ചുചേർത്ത ഭരണകക്ഷി സഖ്യയോഗത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും സിപിഎം വിട്ടുനിൽക്കുകയായിരുന്നു.
നിയമസഭയിൽ വിജയ് സർക്കാരിന് കേവലഭൂരിപക്ഷം തികയ്ക്കാനും ഗവർണർ ഭരണം ഒഴിവാക്കാനും മാത്രമാണ് സിപിഎമ്മും സിപിഐയും പുറത്തുനിന്ന് പിന്തുണ നൽകിയിരുന്നത്.മധുരാന്തകത്ത് സിപിഎമ്മും ധാരാപുരത്ത് സിപിഐയും സ്ഥാനാർഥികളെ നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഡിഎംകെയും ടിവികെയും എഐഎഡിഎംകെയും നാം തമിഴർ കക്ഷിയും ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
Tags : CPM PShanmugam DeepikaNews LatestNews NewsUpdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash