ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്
ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളിൽ അഹങ്കാരത്തിനും "ശക്തിയുള്ളവന്റേതാണ് ന്യായമെന്ന" നിലപാടിനും ഇനി സ്ഥാനമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ശക്തികളുടെ ഏകപക്ഷീയമായ നിലപാടുകളെ വിമർശിച്ച അദ്ദേഹം, ഗ്ലോബൽ സൗത്ത് (വളർന്നുവരുന്ന രാഷ്ട്രങ്ങൾ) ലോകക്രമത്തിന്റെ പ്രധാന ചാലകശക്തിയായി മാറണമെന്നും ആവശ്യപ്പെട്ടു.
ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. "ട്രാഫിക് ലൈറ്റുകളില്ലാത്ത കവലകൾ പോലെയാണ് നിയമങ്ങളില്ലാത്ത ലോകം. അവിടെ അരാജകത്വം മാത്രമായിരിക്കും ഫലം," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യ , ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, വ്യവസായ മേഖല എന്നിവയിൽ സഹകരണം ശക്തമാക്കാൻ അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് ചൈന മുന്നോട്ടുവെച്ചത്.
എഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ സാർവത്രികമാക്കാനും ലാർജ് ലാംഗ്വേജ് മോഡലുകളുടെ വികസനത്തിന് സഹായിക്കാനുമായി ഒരു ബ്രിക്സ് എഐ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിക്ക് രൂപം നൽകും, ബ്രിക്സ് രാജ്യങ്ങൾക്കായി പ്രത്യേക സാമ്പത്തിക മേഖല പങ്കാളിത്തവും പോളിസി ഏകോപനത്തിനായി ഇന്റലിജന്റ് പോർട്ടലും സ്ഥാപിക്കും, സാങ്കേതിക വിനിമയവും ഡിജിറ്റൽ പരിശീലനവും ഉറപ്പാക്കാൻ ബ്രിക്സ് ഡിജിറ്റൽ ഇക്കോസിസ്റ്റം ക്ലൗഡ് പ്ലാറ്റ്ഫോം നിർമിക്കും.
അംഗരാജ്യങ്ങളിലെ നിർമാണ മേഖല ആധുനികവത്കരിക്കാൻ സ്മാർട്ട് ഫാക്ടറികൾ നിർമിക്കുന്നതിന് സഹായം നൽകും. ശാസ്ത്ര-സാങ്കേതിക വിദഗ്ധരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ 'ബ്രിക്സ് എഞ്ചിനീയർ കൾട്ടിവേഷൻ അലയൻസ്' നിലവിൽ വരുത്തും. രാജ്യങ്ങളുടെ വലുപ്പ ചെറുപ്പമില്ലാതെ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന ഒരു ബഹുധ്രുവ ലോകക്രമമാണ് നിലവിൽ വരേണ്ടതെന്ന് വ്യക്തമാക്കിയാണ് ഷി ജിൻപിംഗ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Tags : XiJinping BRICS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash