പ്രതീകാത്മക ചിത്രം
മുംബൈ: പൂന-ബംഗളൂരു ദേശീയപാതയിൽ കാരഡ് ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ സതാറ ജില്ലയിലുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. തേജസ് ദേശ്മുഖ്, സാഗർ നിംബൽക്കർ, സുയേഷ് ചിഞ്ച്കർ, രോഹിത് ധോത്രെ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ റുതുരാജ് ദുബാലെ, ശാന്തനു ഷിംഗഡെ, അമൻ താംബോളി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ദസറയോടനുബന്ധിച്ച് കൊൽഹാപൂരിൽ ക്ഷേത്ര ദർശനത്തിനായി പോയി മടങ്ങിവരുകയായിരുന്നു ഏഴംഗ സംഘം. ചൊവ്വാഴ്ച രാത്രി 11 നാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
പൊലിസിന്റെ പ്രാഥമിക അന്വേഷണമനുസരിച്ച് കാർ ഒരു ട്രക്കുമായി ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് കോൺക്രീറ്റ് റെയിലിംഗിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് തലകീഴായി മറിഞ്ഞാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Tags : Accident Car Truck Death